സിംഗപ്പൂരില്‍ ധ്യാനിപ്പിച്ചുകൊണ്ടിരുന്ന അവസരത്തില്‍ എനിക്ക് അസാധാരണമായ ഒരു അനുഭവമുണ്ടായി. ആരാധന നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു.
പെട്ടെന്ന് പരിശുദ്ധാത്മാവ് ഇങ്ങനെയൊരു പ്രേരണ നല്കി. മദ്യപാനം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടു കയറിവരിക. സന്ദേശം പരിശുദ്ധാത്മാവിന്റേതാണെങ്കിലും അത് പരസ്യമായി തുറന്നുപറയാന്‍ മാനുഷികമായി എനിക്ക് മടി തോന്നി. കാരണം അങ്ങനെ വിളിച്ചുപറഞ്ഞാല്‍ ആരെങ്കിലും പരസ്യമായി കയറിവരുമോ? പകല്‍വെളിച്ചത്തില്‍ ആരെങ്കിലും അത് അനുസരിക്കുമെന്ന ധൈര്യം എനിക്കുണ്ടായില്ല.
പക്ഷേ ആത്മാവ് അങ്ങനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരിശുദ്ധാത്മാവ് തന്നെയാണ് സംസാരിക്കുന്നതെന്ന ബോധ്യം ശക്തമായപ്പോള്‍ ഞാന്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു, മദ്യപാനം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നവര്‍ ഇവിടെയുണ്ട്. വേഗം ഇവിടേയ്ക്ക് വരൂ.
പക്ഷേ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടും ആരും മുന്നോട്ടുകടന്നുവന്നില്ല. പരിശുദ്ധാത്മാവ് വീണ്ടും എന്നെ നിര്‍ബന്ധിച്ചു, പോണോഗ്രഫി, വ്യഭിചാരം തുടങ്ങിയവ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നവര്‍ മുന്നോട്ടുവരിക എന്ന് പറയുക. മദ്യപാനം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തവര്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ട് ആരും വന്നിട്ടില്ലെന്നോര്‍ക്കണം. അപ്പോള്‍ പോണോഗ്രഫിയും വ്യഭിചാരവും ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തവര്‍ മുന്നോട്ടുവരുമോ? ഞാന്‍ വല്ലാത്ത പ്രതിസന്ധിയിലായി.
ആരും വരില്ലെന്ന് എനിക്കുറപ്പായി. അപ്പോഴാണ് ഞാന്‍ അത് കണ്ടത്. ഒരു ചെറുപ്പക്കാരന്‍ സദസില്‍ നിന്ന് എണീല്ക്കുന്നു. ധൈര്യമായി അവന്‍ മുന്നോട്ടുവന്നു. അവന്റെ പിന്നാലെ പിന്നെ ഓരോരുത്തരായി വന്നുതുടങ്ങി. അവരെല്ലാം മുന്നോട്ടുവന്നു മുട്ടുകുത്തിനിന്നു.ഞങ്ങള്‍ക്ക് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹമുണ്ട്. മുമ്പില്‍ സ്ഥലം തികയാതെവന്നപ്പോള്‍ ഞാന്‍ വിളിച്ചുപറഞ്ഞു, ഇനി ആരും എണീറ്റുവരരുത്.
അതുകൊണ്ട് ഞാന്‍ പറയട്ടെ എനിക്ക് , സഭയ്ക്ക് ചെറുപ്പക്കാരില്‍ വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. സിംഗപ്പൂരില്‍ അന്ന് എണീറ്റുവന്ന് മുട്ടുകുത്തിയത് മുഴുവന്‍ ചെറുപ്പക്കാരായിരുന്നു. അവര്‍ക്ക് ഒന്നുമാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ക്ക് വിശുദ്ധജീവിതം നയിക്കണം. ഇനി നാം അഭിഷേകം പ്രാപിക്കാന്‍ പോകുന്നത് ചെറുപ്പക്കാരിലൂടെയാണ്.
നിങ്ങളുടെ മക്കളുടെ മേല്‍ ദൈവത്തിന്റെ ശക്തി കടന്നുവരും. പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ക്ക് വേണ്ടത് വൈകാരികമായ ഒരു അനുഭവം മാത്രമായിരിക്കരുത്. ശരിക്കും ദൈവാനുഭവം ഉണ്ടാകണം. ഇതില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കരുത്. ശരിക്കും ദൈവാനുഭവം എന്നാല്‍ സാവൂള്‍ പൗലോസാകുന്നതാണ്. നടുവേദനയും ചൊറിച്ചിലും മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടാല്‍ പോരാ. അതൊക്കെ ദൈവം മാറ്റിത്തരുന്നുണ്ട്. നമ്മുടെ മക്കളെ മറ്റുള്ളവര്‍ അപകടത്തിലാക്കിക്കൊണ്ടിരി്ക്കുകയാണ്.നിരീശ്വരവാദവും മറ്റ് തെറ്റായ ആശയങ്ങളും അവരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിക്കുന്ന ദൈവം സീനായ് മലയില്‍ ഇറങ്ങിവന്നതുപോലെ നമുക്കിടയിലേക്ക്, നമ്മുടെ മക്കളുടെ ഇടയിലേക്ക് ഇറങ്ങിവരണം. നാം അത് ആഗ്രഹിക്കണം, നാം അത് ചോദിക്കണം. ബൈബിളില്‍ പറയുന്ന ദൈവം ബൈബിളില്‍ പറയുന്നഅതേ കാര്യം ചെയ്യത്തക്കരീതിയില്‍ നാം അഭിഷേകമുള്ളവരാകണം. പറയുന്ന മാത്രയില്‍ കാര്യം നടക്കണം.
ഫിലിപ്പോസ് വചനം പ്രസംഗിച്ചതേ ഷണ്ഡനായ മനുഷ്യന്‍ മാനസാന്തരപ്പെട്ടതുപോലെ മാനസാന്തരങ്ങള്‍സംഭവിക്കണം. പരിശുദ്ധാത്മാവ് സംസാരിക്കുമ്പോള്‍ നമ്മുടെ യുവജനങ്ങള്‍ മാറിമറിയണം. ജനം കരയുമ്പോള്‍ ദൈവം ചില ചെറുപ്പക്കാരെ,വൈദികരെ, സന്യസ്തരെ അഭിഷേകം ചെയ്യും. പ്രത്യേകമായ രീതിയില്‍ അഭിഷേകം ചെയ്യും. അവര്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങള്‍ ചെയ്യും.
വിശുദ്ധ വിന്‍സെന്റ് ഫെര്‍ മുപ്പതിലധികം ആളുകളെ ഉയിര്‍പ്പിച്ചിട്ടുണ്ട്. സഭയില്‍ രണ്ടു മാര്‍പാപ്പമാര്‍ ഒരേ സമയം ഉണ്ടായിരുന്ന സമയത്താണ് ദൈവം വിന്‍സെന്റ് ഫെററിനെ അഭിഷേകം ചെയ്ത് ഉയര്‍ത്തിയത്. അത്രമാത്രം പ്രശ്‌നസങ്കീര്‍ണ്ണമായിരുന്ന ഒരു കാലത്തായിരുന്നു ദൈവം വിശുദ്ധനെ നിയോഗിച്ചത്.
ശരിക്കും തീയിറ്‌ങ്ങേണ്ട സമയമാണ് ഇത്. നമ്മുടെ കഴിവുകൊണ്ടല്ല ദൈവത്തിന്റെ കരുണ കൊണ്ട് അത്ഭുതം നടക്കേണ്ട സമയമാണ് ഇത്. പക്ഷേ അതിന് വേണ്ടി നാം ആഗ്രഹിക്കണം. അതിന് പകരം നാം ഇപ്പോഴും തളയ്ക്കപ്പെട്ടുകിടക്കുന്നത് വൈകാരികമായ ചില അനുഭവങ്ങളുടെ മേഖലയിലാണ്.തലവേദന മാറണം, നടുവേദന മാറണം. അതു നല്ലതാണ്.
പക്ഷേ അതുമാത്രം പോരാ നമുക്കിനി. അതിനെ മറികടക്കണം. നമ്മള്‍ വിശ്വാസത്തോടെ ചോദിക്കുമ്പോള്‍ ചോദിക്കുന്ന കാര്യങ്ങള്‍ ആ നിമിഷം തന്നെ സംഭവിക്കത്തക്ക രീതിയില്‍ നാം അഭിഷേകം പ്രാപിക്കണം.
നീ ജീവിക്കുന്ന ദൈവമാണെങ്കില്‍ ഇവിടെ ഇറങ്ങിവരണം എന്ന് നമുക്ക് വിശ്വാസത്തോടെ പറയാന്‍ കഴിയണം. അത് അവിശ്വാസത്തിന്റെ ചോദ്യമല്ല മറിച്ച് വിശ്വാസത്തിന്റെ ചോദ്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ നശിച്ചുപോകരുത്. അവര്‍ അഭിഷേകം പ്രാപിക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ വചനത്തിന്റെ ശക്തിയാല്‍ അഭിഷേകം പ്രാപിക്കണം.
Maian pathram is realy helpfull. Thank you so much. God bless you all.