ഞെരുക്കത്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുകയാണോ, ദൈവം നിങ്ങളെ മെരുക്കിയെടുക്കുന്നതിന്റെ ഭാഗമാണ് അത്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍


ജീവിതത്തിലെ ചി ല തിക്താനുഭവങ്ങളിലൂടെ ദൈവം നമ്മെ കടത്തിവിടുന്നത് ദൈവം നമ്മെ ഒന്ന് ഒതുക്കാന്‍ വേണ്ടിയാണ്, ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. യാക്കോബിന്റെ ജീവിതം തന്നെ ഉദാഹരണം.

ചതിയനായ യാക്കോബിന്റെ ജീവിതം ദൈവം പിന്നീട് മാറ്റിയെഴുതുന്നുണ്ട്. ലാബാന്റെ കൊടും ചതിക്ക് വിധേയനാകുന്നുണ്ട് അയാള്‍. പക്ഷേ പീഡാനുഭവങ്ങള്‍ക്ക് ശേഷം പുറത്തുവരുന്ന യാക്കോബ് പിന്നീട് തീയാണ്. ജോര്‍ദാന്‍ കടന്നുപോയ യാക്കോബല്ല പിന്നെ തിരികെ വരുന്നത്, അതിശക്തനായിട്ടാണ്.ഇസ്രായേലിനെ ദൈവം കഠിനമായ പരീക്ഷണങ്ങളിലൂടെ കടത്തിക്കൊണ്ടുപോയത് ഇരുപതു വര്‍ഷമാണ്.

നിങ്ങളുടെ കുടുംബത്തില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ ഈ അഗ്നിപരീക്ഷയ്ക്ക് വേണ്ടി ദൈവം കാത്തുവച്ച ചില ജീവിതങ്ങളാണ്. ആ ജീവിതങ്ങള്‍ ദൈവം നിന്റെ വീട്ടില്‍ കരുതിവച്ചിരിക്കുന്നത് നീയും നിന്റെ മക്കളും ഈ അഗ്നിപരീക്ഷയിലൂടെ കടന്നുവരുവാന്‍ വേണ്ടിയാണ്.

ദൈവം ചില സാഹചര്യങ്ങളില്‍ നമ്മെ കൊണ്ടുവന്നിടുന്നത് കുറച്ചുകൂടി ഒന്ന് ഒതുങ്ങാന്‍ വേണ്ടിയാണ് ചില ദുരിതങ്ങള്‍ ദൈവം നമുക്ക് തരുന്നത് നാം കുറെക്കൂടി ഒതുങ്ങാന്‍ വേണ്ടിയാണ്.

നിങ്ങളുടെ ബോസ് നിങ്ങളെ അകാരണമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍, എല്ലാ ദിവസവും ജോലിക്ക് പോയിട്ട് വരുമ്പോള്‍ കണ്ണീരാണ് ലഭിക്കുന്നതെങ്കില്‍ വിഷമിക്കണ്ട നിന്റെ അകത്തുനിന്ന് ഒരു ജനത വരാനുണ്ട്. അതിന് വേണ്ടിയാണ് ആ ബോസിനെ അവിടെ വച്ചിരിക്കുന്നത്. ചില ആളുകളെ ദൈവം നമ്മുടെ മുമ്പില്‍ വച്ചിട്ടുണ്ട് എന്തിനെന്നല്ലേ നമ്മെ കല്ലെറിയാന്‍. എങ്കിലേ ദൈവം വിചാരിച്ചിരിക്കുന്ന ചില വന്‍കാര്യങ്ങളില്‍ നമ്മിലൂടെ നിറവേറപ്പെടുകയുള്ളൂ മേല്‍ത്തരം പാത്രമായിത്തീരാന്‍, ഉത്കൃഷ്ടമായ പാത്രമായിത്തീരാന്‍ വേണ്ടിയാണ് അത്.

ചീത്ത വിളിക്കാന്‍, കരയിപ്പിക്കാന്‍. കല്ലെറിയാന്‍.. ദൈവം അവരെ വച്ചിരിക്കുന്നതാണെന്ന് നീ വിശ്വസിക്കണം. കൊട്ടാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ദാവീദിനെ പുറകെ നടന്ന് ഷമി ചീ്ത്തവിളിക്കുന്നുണ്ട്. എടാ വഞ്ചകാ കൊലപാതകീ എന്നെല്ലാം പറഞ്ഞ്..

ഈ ചത്തപട്ടിയെ കൊന്നുകളയട്ടെ എന്നാണ് ഭടന്മാര്‍ അപ്പോള് ദാവീദിനോട് ചോദി്ക്കുന്നത്. അപ്പോള്‍ ദാവീദ് പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം. ദാവീദിനെ ശപിക്കുക എന്ന് ദൈവം കല്പിച്ചിട്ടാണ് അവരത് ചെയ്യുന്നതെങ്കില്‍ അതിന് നിങ്ങളാരാണ് അരുതെന്ന് പറയാന്‍?

നിങ്ങളുടെ ജീവിതപങ്കാളി, മക്കള്‍ ഇവരൊക്കെ കുറെക്കൂടി മെരുങ്ങാനുണ്ട്. അവര്‍ മെരുങ്ങുന്നതിനൊപ്പം നിങ്ങളും മെരുങ്ങപ്പെടും. പത്തൊമ്പത് വര്‍ഷമാണ് എന്റെ അമ്മ എന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതെന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. ആദ്യത്തെ മിനിറ്റില്‍ തന്നെ ദൈവം എന്റെ അമ്മയുടെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗം കേട്ടു. സ്വര്‍ഗ്ഗം അത് എഴുതിവയ്ക്കുകയും ചെയ്തു.

പക്ഷേ ആഗസ്തീനോസിന്റെ മാനസാന്തരം ഉണ്ടാവാന്‍ പത്തൊമ്പതുവര്‍ഷം വേണ്ടിവന്നു. എന്തുകൊണ്ട് എന്നല്ലേ. ആ പത്തൊമ്പതു വര്‍ഷത്തിനിടയില്‍ കത്തോലിക്കാസഭയില്‍ വിശുദ്ധനായ ഒരു ആഗസ്തീനോസ് മാത്രമല്ല വിശുദ്ധയായ മോണിക്കയും ഉണ്ടായി. അതായത് മകന്റെ മാനസാന്തരം വൈകുന്നത് അമ്മേ നീയുംകൂടി ഒന്നു മാനസാന്തരപ്പെടാന്‍ വേണ്ടിയാണ്. മകളുടെ മാനസാന്തരം വൈകുന്നത് അമ്മേ നീയും കുറച്ചുകൂടി മെരുങ്ങാന്‍ വേണ്ടിയാണ്.

യാക്കോബിന്റെ ദൈവം എന്ന് എ്ത്രയോ തവണ നാം ബൈബിളില്‍ വായിക്കുന്നുണ്ട്. എങ്ങനെയാണ് യാക്കോബ് ഇങ്ങനെ പരാമര്‍ശിക്കപ്പെടാന്‍ യോഗ്യത നേടിയത്? മാനനഷ്ടത്തിന്റെ, അപമാനത്തിന്റെ, കൊലച്ചതിയുടെ ഇരുപതുവര്‍ഷങ്ങള്‍ എന്നാണ് അതിന് ഉത്തരം.

ഈ ഇരുപതുവര്‍ഷങ്ങളാണ് യാക്കോബിനെ ഇസ്രായേലായി മാറ്റിയത്. നമ്മുടെ ജീവിതത്തില്‍ ദൈവം അനുവദിക്കുന്ന ഞെരുക്കത്തിന്റെ കാലം നമ്മളെയും നമ്മുടെ തലമുറയെയും രൂപപ്പെടുത്താനുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ്. അതുകൊണ്ട് ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം അറിയണം നാം അനുഗ്രഹിക്കപ്പെട്ട ഒരു ജനതയ്ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുകയാണ്. പ്രസവവേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തളരരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.