ന്യൂഡല്‍ഹി: വിദേശത്തു നിന്ന് സംഭാവന വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം തീരുമാനിച്ചുവെങ്കിലും ഇതിന്റെ പ്രയോജനം മിഷനറീസ് ഓഫ് ചാരിറ്റിക്ക് ലഭിക്കില്ല. കാരണം രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നല്കിയ അപേക്ഷ തള്ളിക്കളഞ്ഞവര്‍ക്ക് ഇത് ബാധകമല്ല. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ തള്ളിക്കളയുകയാണ് ചെയ്തത്. അതുകൊണ്ടാണ് കാലാവധി നീട്ടിയെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റിക്ക് പ്രയോജനം കിട്ടാതെ പോകുന്നത്.
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിഞ്ഞ 13 നാണ് മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നല്കിയത്. എന്നാല്‍ ഇവരുടെ അപേക്ഷ 25 ന് അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. കൂടാതെ സന്യാസസമൂഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം മമത ബാനര്‍ജി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ വിവാദമാകുകയും രാഷ്ട്രീയപാര്‍ട്ടികള്‍ ഇതേറ്റുപിടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സന്യാസിനിസമൂഹം ആവശ്യപ്പെട്ടിട്ടാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി സന്യാസിനിസമൂഹവും എത്തി.