ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും ആഗസ്റ്റ് 1 മുതൽ

ബിർമിംഗ്ഹാം: ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി തന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ ദൈവം ആഗ്രഹിക്കുന്നതായി ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിലൂടെ പരിശുദ്ധ ജനനി ലോകത്തെ അറിയിച്ചിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ഈ ഫാത്തിമരഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ശനിയാഴ്ച മുതൽ എല്ലാ ആദ്യശനിയാഴ്ചകളിലും രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ആരാധനയും ധ്യാനവും നടക്കുക.

വിശുദ്ധ കുർബാന, തിരുമണിക്കൂർ ആരാധന, കരുണക്കൊന്ത, ജപമാല, ദൈവവചനപ്രഘോഷണം എന്നീ രീതിയിലാണ് ആദ്യശനിയാഴ്ച ആചരണം ക്രമീകരിച്ചിരിക്കുന്നത്. പുതുതലമുറയുടെ ആത്മീയ വളർച്ചയിൽ വിമലഹൃദയ ഭക്തിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇംഗ്ളീഷിലായിരിക്കും ശുശ്രൂഷകൾ നടക്കുക. ബിർമിംഗ്ഹാം സെന്റ്. തെരേസ ദേവാലയത്തിൽ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമായിരിക്കും.

അഭിവന്ദ്യപിതാവിനോടൊപ്പം റവ. ഫാ. ആന്റണി പറങ്കിമാലിൽ VC , റവ.ഫാ. ജോയ് ചെഞ്ചേരിൽ MCBS എന്നിവരും ഈ ശുശ്രൂഷയിൽ പങ്കുചേരുന്നു. ഫാത്തിമരഹസ്യങ്ങളോട് ചേർന്ന് നിന്നുകൊണ്ട് ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ അഭയം തേടുവാൻ ശനിയാഴ്ച നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ശുശ്രൂഷകൾ തത്സമയം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: : https://youtu.be/aCp4V79CGcQ

ഫാ. ടോമി എടാട്ട്

പിആർഒ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.