ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നിന്ന് ആദ്യമായി ഒരു വിശുദ്ധന്. ആകാശ് ബഷീര്‍ എന്ന 20 കാരനെയാണ് സഭ ദൈവദാസപദവിയിലേക്ക് ഉയര്‍ത്തിയത്. സെന്റ് ജോണ്‍സ് കാത്തലിക് ചര്‍ച്ചിലും ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ദ ചര്‍ച്ചിനും നേരെയുണ്ടായ ചാവേറാക്രമണത്തിലാണ ആകാശ് കൊല്ലപ്പെട്ടത്.
2015 മാര്‍ച്ച് 15 ന് ആയിരുന്നു സംഭവം. ദേവാലയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ചാവേറിനെ വോളന്റിയറായ ആകാശ് പ്രതിരോധിക്കുകയായിരുന്നു. ഞാന്‍ മരിച്ചാലും വേണ്ടില്ല നിങ്ങളെ ദേവാലയത്തിലേക്ക് കടത്തിവിടില്ല എന്നായിരുന്നു ആകാശിന്റെ പ്രഖ്യാപനം. ക്രൈസ്തവ സഹോദരങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അങ്ങനെ ആത്മത്യാഗം ചെയ്യുകയായിരുന്നു ആകാശ്. ടെഹറെക്കെ ഈ താലിബാന് നടത്തിയ അന്നത്തെ ഭീകരാക്രമണത്തില്‍ 17 പേര് കൊല്ലപ്പെടുകയും 70 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആകാശിന്റെ ധീരോചിതമായ ഇടപെടലാണ് മരണസംഖ്യ കുറയാന്‍ കാരണമായത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം വത്തിക്കാന്‍ ആകാശിന്റെ വീരോചിതമായ പുണ്യങ്ങളെ പ്രതി ദൈവദാസപദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ ഷാ ജനുവരി 31 ന് നടത്തി. പാക്കിസ്ഥാനിലെ കത്തോലിക്കാസഭയെ സംബന്ധിച്ച് വളരെ സുപ്രധാനമായ ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
മകന് മരിച്ചപ്പോള്‍ ഞങ്ങള്‍ ഏറെ ദു:ഖിച്ചു. എന്നാല്‍ ഇന്ന് സങ്കടത്തെക്കാള്‍ വലുതാണ് ഈ സന്തോഷം. ആകാശിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.