സാധാരണയായി കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടത്താറുള്ളത് ഏപ്രില്‍ – മെയ് മാസങ്ങളിലാണ്. പാശ്ചാത്യനാടുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ഇതാണ് പതിവ്. ഇടവകവൈദികന്റെ അനുവാദമുണ്ടെങ്കില്‍ ഒരുകുട്ടിക്ക് വര്‍ഷത്തിലെ ഏതു മാസവും ഏതു ദിവസവും പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്താവുന്നതാണ്.
എങ്കിലും കൂടുതല്‍ ദിവ്യകാരുണ്യസ്വീകരണങ്ങളും ആഘോഷമായി നടത്തുന്നത് ഏപ്രില്‍ മെയ് മാസങ്ങളിലാണ്. ദിവ്യകാരുണ്യത്തിന് ഈസ്റ്ററുമായിട്ടുള്ള അടുപ്പമാണ് ഇതിന് കാരണം. ഈസ്റ്റര്‍ കാലത്തെങ്കിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്നത് സഭയുടെ അനുശാസനങ്ങളില്‍ പെടുന്നുണ്ടല്ലോ?
അതുകൊണ്ട് ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചകളിലാണ് കൂടുതലായും ദിവ്യകാരുണ്യസ്വീകരണങ്ങള്‍ ആഘോഷമായി നടത്താറുള്ളത്. ഇന്ന് കുഞ്ഞുങ്ങളുടെ മാമ്മോദീസാ ദിവസം തന്നെ അവര്‍ക്ക് വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും നല്കിവരുന്ന രീതി പല രൂപതകളിലുമുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടുകളില്‍ കൗമാരത്തിലെത്തിക്കഴിയുമ്പോഴായിരുന്നു മാമ്മോദീസായും ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും ഒരുമിച്ചുനല്കിയിരുന്നത്. 1910 ല്‍ പിയൂസ് പത്താമന്‍ മാര്‍പാപ്പയാണ് ദിവ്യകാരുണ്യസ്വീകരണം ഏഴ്, എട്ട് വയസില്‍ നല്കാമെന്ന് പ്രഖ്യാപിച്ചത്.
കൗമാരപ്രായം വരെയെത്താന്‍ നോക്കിയിരിക്കാതെ ചെറുപ്രായത്തില്‍ തന്നെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ നമുക്കൊക്കെ ഇടവന്നത് അങ്ങനെയാണ്.