ഫാത്തിമ: പതിനാറാം വയസില്‍ congenital glaucoma വന്ന് അന്ധനായ വ്യക്തിയായിരുന്നു ടിയാഗോ വരാന്‍ഡ. പക്ഷേ വൈദികനാകണമെന്ന ആഗ്രഹം അതുകൊണ്ടൊന്നും അദ്ദേഹത്തില്‍ നിന്ന് മാഞ്ഞുപോയില്ല. ഒടുവില്‍ ഈ മാസം പതിനഞ്ചിന് പോര്‍ച്ചുഗല്ലിലെ ഔര്‍ ലേഡി ഓഫ് സാമെയ്‌റോ യില്‍ വച്ച് അദ്ദേഹം വൈദികനായി. പോര്‍ച്ചുഗല്ലിലെ ആദ്യത്തെ അന്ധ വൈദികന്‍.
നവാഭിഷിക്ത ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹം നേരെ പോയത് ഫാത്തിമായിലേക്കായിരുന്നു. മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന ചാപ്പലില്‍ അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചു. തന്റെ പൗരോഹിത്യം മാതാവിന് സമര്‍പ്പിക്കുകയും ചെയ്തു.
ഫാത്തിമാ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഇടമാണ്. ചെറുപ്പം മുതല്‍ എനിക്ക് ഫാത്തിമാമാതാവിനോട് വളരെയധികം ഭക്തിയുണ്ട്. എന്റെ പൗരോഹിത്യജീവിതം ഞാന്‍ പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു. കാരണം എനിക്കറിയാം അമ്മയിലൂടെ ഞാന്‍ ഈശോയുമായി വേഗത്തില്‍ ഒന്നാകുമെന്ന്. അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പുതുതായി അഭിഷിക്തരായ രണ്ടുവൈദികരും ഫാ. വരാന്‍ഡയ്‌ക്കൊപ്പം സഹകാര്‍മ്മികരായിരുന്നു. പോര്‍ച്ചുഗല്ലിലെ ആദ്യത്തെ അന്ധ വൈദികനാണ് മുപ്പത്തിയഞ്ചുകാരനായ ഇദ്ദേഹം. അന്ധരായ മറ്റ് വൈദികര്‍ ഉണ്ടെങ്കിലും അവരുടെ കാഴ്ച നഷ്ടപ്പെട്ടത് പൗരോഹിത്യസ്വീകരണത്തിന് ശേഷമായിരുന്നു. എന്നാല്‍ പൗരോഹിത്യസ്വീകരണത്തിന് മുമ്പ് അന്ധനാകുകയും എന്നിട്ടും വൈദികനാകുകയും ചെയ്ത ഒരു വ്യക്തി പോര്‍ച്ചുഗലില്‍ ഇദ്ദേഹം മാത്രമേയുള്ളൂ.