വത്തിക്കാന്‍ സിറ്റി: ഭയം ഒരു ശവകുടീരം കണക്കെയാണെന്നും അതിന്റെ ഉള്ളില്‍ നിന്ന് പുറത്തുവരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഭയപ്പെടരുത് എന്നതായിരുന്നു ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ആദ്യ വാക്ക്എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ഭയം നമ്മുടെ അനുദിന ജീവിതത്തിലെ ശത്രുവാണെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. നമ്മുടെ വലിയ ഭയം മരണത്തെക്കുറിച്ചാണ്. സ്നേഹിക്കുന്നവര്‍ രോഗികളായിക്കഴിയുമ്പോള്‍ നാം ഭയക്കുന്നു അവരെ നഷ്ടപ്പെടുമോയെന്ന്. ക്രിസ്തു മരണത്തെ കീഴടക്കിയ ദിവസമാണ് ഈസ്റ്റര്‍.
ഈസ്റ്ററിന്റെ പിറ്റേദിനമായ തിങ്കളാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ലിറ്റില്‍ ഈസ്റ്റര്‍ എന്ന് അറിയപ്പെടുന്ന ഈ ദിനം ഇറ്റലിയിലെ പൊതു അവധിദിനംകൂടിയാണ്.
വിശദ്ധ മത്തായിയുടെ സുവിശേഷം 28 ാം അധ്യായം അടിസ്ഥാനമാക്കിയായിരുന്നു പാപ്പായുടെ വചനവിചിന്തനം. ക്രിസ്തുവില്‍ വിശ്വസിക്കുന്ന സഹോദരീ സഹോദരന്മാരേ നിങ്ങളൊരിക്കലും ഭയപ്പെടരുത്. ക്രിസ്തു നമ്മോട് പറയുന്നു, മരണം രുചിച്ചവനാണ് ഞാന്‍. നിങ്ങളുടെ വേദന ഏറ്റെടുത്തവനും. ഇപ്പോള്‍ ഉയിര്ത്തെണീറ്റവനായ ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും. ഭയപ്പെടരുത്. പാപ്പ പറഞ്ഞു.