സിസ്റ്റര്‍ ലൂസിയായെക്കുറിച്ച് നമുക്കറിയാം. ഫാത്തിമായില്‍ മാതാവ് ദര്‍ശനം നല്കിയ മൂന്നുപേരില്‍ ഒരാള്‍. ഫ്രാന്‍സിസ്‌ക്കോ,ജസീന്ത,ലൂസിയ എന്നിവര്‍ക്കായിരുന്നുവല്ലോ മാതാവിന്റെ ദര്‍ശനമുണ്ടായത്. ഇതില്‍ ഫ്രാന്‍സിസ്‌ക്കോയും ജസീന്തയും വിശുദ്ധപദവിയിലാണ്.
2017 മെയ് 13 നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരുടെ വിശുദ്ധപദപ്രഖ്യാപനം നടത്തിയത്. എന്നാല്‍ അവരുടെ ബന്ധുവായ ലൂസിയായെ ഇനിയും സഭ വാഴ്ത്തപ്പെട്ടവളായി പോലും പ്രഖ്യാപിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇത്? പ്രധാനമായും അതിന് പറയുന്ന കാരണങ്ങള്‍ ഇവയാണ്.. ഫ്രാന്‍സിസ്‌ക്കോയും ജസീന്തയും നന്നേ ചെറുപ്രായത്തില്‍ മരിച്ചുപോയവരാണ്.
യഥാക്രമം 10 ഉം 9 ഉം വയസുള്ളപ്പോഴായിരുന്നു അവരുടെ മരണം. ദര്‍ശനമുണ്ടായ 1917 കഴിഞ്ഞ് തെല്ലും വൈകാതെ ഇരുവരും മരിച്ചു. പക്ഷേ സിസ്റ്റര്‍ ലൂസിയ മരിച്ചത് 97 ാം വയസിലാണ്. അതായത് 2005 ഫെബ്രുവരി 13 ന്.
പുണ്യജീവിതം നയിച്ച കൊച്ചുകുട്ടികള്‍ മരിക്കുമ്പോള്‍ അവരുടെ ജീവിതത്തെക്കുറിച്ച് വളരെകുറച്ച് പഠനങ്ങളേ വേണ്ടിവരുന്നുളളൂ. പക്്‌ഷേ അതുപോലെയല്ല പുണ്യജീവിതം നയിച്ച പ്രായം ചെന്ന ഒരാളെ വിശുദ്ധപദവിയിലേക്കുയര്‍ത്താനുള്ള പഠനങ്ങളുടെ കാര്യം. ഏറെ വര്‍ഷങ്ങള്‍ നീണ്ട പഠനവും റിപ്പോര്‍ട്ടുകളും സാക്ഷ്യങ്ങളും അതിനാവശ്യമുണ്ട്. ലൂസിയായുടെ 97 വര്‍ഷത്തെ ജീവിതമാണ് ഇപ്രകാരം പഠനവിധേയമാക്കേണ്ടത്. ലൂസിയാ എഴുതിയ പതിനായിരത്തോളം കത്തുകള്‍, രണ്ടായിരം പേജുകള്‍ വരുന്ന ഡയറി ഇതെല്ലാം പഠനത്തില്‍ ഉള്‍പ്പെടുത്തേണ്ടവയാണ്. കൂടാതെ നിരവധിയായ സ്വകാര്യസാക്ഷ്യങ്ങളും. ഇങ്ങനെ വളരെ ഗൗരവത്തിലുള്ള പഠനം ആവശ്യമായതുകൊണ്ടാണ് സിസ്റ്റര്‍ ലൂസിയായെ ഇന്നും സഭ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താത്തത്. പക്ഷേ ഇപ്പോള്‍ ലൂസിയ ദൈവദാസ പദവിയിലാണ്.
2017 ഫെബ്രുവരി 1 നായിരുന്നു ലൂസിയായെ ദൈവദാസിയായി പ്രഖ്യാപിച്ചത്. ധന്യ, വാഴ്ത്തപ്പെട്ടവള്‍, വിശുദ്ധ എന്നീ പദവികളാണ് സിസ്റ്റര്‍ ലൂസിയായെ കാത്തിരിക്കുന്നത്. ലൂസിയായുടെ മാധ്യസ്ഥതയില് നടന്ന അത്ഭുതങ്ങള്‍ ഇക്കാര്യത്തില്‍ അത്യാവശ്യമാണ്.