ഉപവാസത്തെക്കുറിച്ച് ദൈവം നല്കുന്ന ആദ്യത്തെ നിര്‍ദ്ദേശമായി നാം മനസ്സിലാക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിലെ ഉല്പത്തിയുടെ പുസ്തകത്തില്‍ നിന്നാണ്. അവിടെ ആദത്തിനും ഹവയ്ക്കുമായി ഏദൈന്‍തോട്ടം ഒരുക്കിക്കൊടുത്തതിന് ശേഷം ദൈവം നിര്‍ദ്ദേശിക്കുന്ന ഒരു കാര്യമുണ്ട്.
തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെ മാത്രം പഴം കഴിക്കരുത്.
എല്ലാം നല്കിയിട്ടും അതില്‍ ഒന്നില്‍ നിന്ന് മാത്രം കഴിക്കരുത് എന്നായിരുന്നു ദൈവത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ദൈവകല്പന അവര്‍ നിരസിക്കുകയാണ് ചെയ്തത്. ഇതോടെ ദൈവവുമായുള്ള അവരുടെ ബന്ധം തകരാറിലായി.
അതുകൊണ്ട് ചില ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ദൈവവുമായി നഷ്ടപ്പെട്ടുപോയ ഈ ബന്ധം പുനസ്ഥാപിക്കാനുള്ള ആദ്യത്തെ വിളിയാണ് ഉപവാസം എന്നാണ്. വിശുദ്ധ ബേസിലിനെപോലെയുള്ളവര്‍ പറയുന്നത് ദൈവവുമായുള്ള സൗഹൃദം പുന:സ്ഥാപിക്കാനുള്ള ഒരു ഉപകരണമാണ് ഉപവാസം എന്നാണ്.
ഓരോ പാപത്തിനും ഓരോ അനന്തരഫലങ്ങളുണ്ട. ആദം ദൈവത്തിന്റെ കല്പനയെ നിരസിച്ചു. നന്മതിന്മകളുടെ വൃക്ഷത്തില്‍ നിന്ന് ഫലം കഴിച്ചതോടെ ആദവും ഹവ്വയും ഏദേന്‍തോട്ടത്തില്‍ നിന്ന് പുറത്തായി. അപ്പമാണ് ഇവിടെ വിനയായി മാറിയത്. ഒരു വിശ്വാസി നോമ്പുകാലത്തിലെയോ അല്ലാതെയോ ഉള്ള ഉപവാസത്തിലൂടെ ചില ഇഷ്ടങ്ങളെ വേണ്ടെന്ന് വച്ചും നിരസിച്ചും ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങുകയാണ് ചെയ്യുന്നത്.
ദൈവത്തിന്റെ കരുണയ്ക്കും നന്മയ്ക്കും കീഴടങ്ങുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഉപവാസം എന്നത് ദൈവത്തോട് അടുത്തായിരിക്കാനുള്ള ക്ഷണമാണ്. അവിടുത്തെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കാനും ശരണപ്പെടാനുമുള്ള അവസരം.
അതൊരിക്കലും ഒരുഭാരമല്ല നമ്മുടെ കടമയാണ്. ആ കടമ നമ്മെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കും. തന്മൂലം ഉപവാസം ഒരിക്കലും നമ്മെ ഭാരപ്പെടുത്താതിരിക്കട്ടെ.