ഉപവാസം കൊണ്ട് മാത്രം ആരും വിശുദ്ധരാകില്ലെങ്കിലും പല വിശുദ്ധരുടെയും ജീവിതത്തില്‍ ഉപവാസം പ്രധാന ഘടകമായിരുന്നു എന്നതാണ് സത്യം. യേശു തന്നെ ഉപവാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഭക്ഷണം ശരീരത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണെങ്കിലും ആത്മാവിന് ഭക്ഷണം അത്രത്തോളം ആവശ്യമല്ല എന്നതാണ് വിശുദ്ധരുടെ ജീവിതങ്ങള്‍ തെളിയിക്കുന്നത്. അപ്പം കൊണ്ട് മാത്രമല്ല ഒരുവനും ജീവിക്കുന്നതെന്നും ദൈവത്തിന്റെ അധരങ്ങളില്‍ നിന്ന് പുറപ്പെടുന്ന വചനം കൊണ്ടുകൂടിയാണ് ജീവിക്കുന്നതെന്നും വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ട്. ഇതിനെ എല്ലാ വിശുദ്ധരും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു.
വിശുദ്ധ ആഗസ്തിനോസ് ഉപവാസത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ഉപവാസം ആത്മാവിനെ ശുദ്ധീകരിക്കുന്നു. മനസ്സിനെ ഉയര്‍ത്തുന്നു, ഹൃദയത്തെ എളിമയുള്ളതാക്കുന്നു. ആസക്തികളുടെ തീനാവുകളെ കെടുത്തുന്നു
ആത്മാവിന്റെ പ്രാര്‍ത്ഥനയാണ് ഉപവാസം എന്നാണ് വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ആത്മാവിനുള്ള പിന്തുണയാണ് ഉപവാസം എന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നു.
ഉയരത്തില്‍ പറക്കാനുള്ള ചിറകുകള്‍ അത് നല്കുന്നു. ഉദാത്തമായ ധ്യാനത്തിലുള്ള ആനന്ദം നല്കുന്നു. ഈവിശുദ്ധന്‍ തുടര്‍ന്നു പറയുന്നു.
ഉപവാസമില്ലാതെയുള്ള തപസ് ഉപയോഗശൂന്യവും പൊങ്ങച്ചവുമാണെന്ന അഭിപ്രായമാണ് വിശുദ്ധ ബേസിലിനുള്ളത്. ദൈവത്തെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗം കൂടിയായി അദ്ദേഹം ഇതിനെ കാണുന്നു.