അസ്വസ്ഥകരമായ ദാമ്പത്യജീവിതം ഈ ലോകത്തിലെ ഏറ്റവും ദുരിതം പിടിച്ച ഒരു അനുഭവമാണ്. പല കുടുംബങ്ങളിലും കുടുംബനാഥന്മാരുടെ ഉത്തരവാദിത്തരഹിതമായ ജീവിതവും അവരില്‍ നിന്നുണ്ടാകുന്ന അവഗണനയും സ്ത്രീകളുടെ ഏറ്റവും വലിയ ദു:ഖകാരണമായി മാറാറുണ്ട്. അതിന് പുറമെ മദ്യപാനം, തെറ്റായ ബന്ധങ്ങള്‍ ഇവയും പെടുന്നു. ഭര്ത്താക്കന്മാരുടെ മാനസാന്തരത്തിനായി തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവരെ കൊണ്ടുവരാനായി ശ്രമിക്കുന്ന നിരവധി ഭാര്യമാരുണ്ട്.
കോപം, പിണക്കം, ചാട്ടുളിപോലെയുള്ള വാക്കുകള്‍, കരച്ചില് എന്നിവ കൊണ്ടെല്ലാം ഭര്ത്താക്കന്മാരെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരും ധാരാളം. എന്നാല്‍ വഴിതെറ്റിജീവിക്കുന്ന ഒരു ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍ ഒരു ഭാര്യയില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്നതും വിശുദ്ധ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നതുമായ കാര്യം എന്താണെന്ന് നമുക്ക് നോക്കാം.
ഭാര്യമാരേ നിങ്ങള്‍ ഭര്ത്താക്കന്മാര്ക്ക് വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും അവരെ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്ക് കഴിയും( 1 പത്രോ 3; 1)
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഭാര്യമാര്‍ക്കു കഴിയും എന്ന പ്രയോഗം തന്നെയാണ്. കഴിയുമായിരിക്കും എന്നോ ശ്രമിച്ചുനോക്കൂ എന്നോ അല്ല. അതൊരു ഉറപ്പാണ്. ദൈവം നല്കുന്ന ഉറപ്പ്. അതുകൊണ്ട് ഭര്‍ത്താവിനെ നേരെയാക്കാന്‍ മറ്റ് വഴികള്‍ ആലോചിക്കാതെ പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്ക് കഴിയട്ടെ. തുടര്‍ന്നുള്ള ബൈബിള്‍ ഭാഗങ്ങള്‍ ഇക്കാര്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നവയുമാണ്.