കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി ഓശാന ഞായര്‍ മുതല്‍ നിലവില്‍ വരും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങള്‍ രണ്ടുപേരും ഒരുമിച്ചു ഓശാനഞായറാഴ്ച അതിരൂപതയുടെ കത്തീഡ്രല്‍ ബസിലിക്കയില്‍ ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി സഭയില്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 2022 ഏപ്രില്‍ 17 ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു. എന്നാല്‍ഈ വര്‍ഷം ഡിസംബര്‍ 25 മുതല്ക്കാണ് എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പില്‍വരുത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മാര്‍ ആന്റണി കരിയില്‍ വിശ്വാസികള്‍ക്കുവേണ്ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഏറ്റവും പുതിയ സംഭവവികാസമനുസരിച്ച് ഇതിന് മാറ്റം വരുത്തിയാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും മാര്‍ കരിയിലും സംയുക്ത സര്‍ക്കുലര്‍ പുറത്തിറക്കി ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന നിലവില്‍ വരുമെന്ന് അറിയിച്ചിരിക്കുന്നത്.