എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും ഏകീകൃത കുര്‍ബാന ചൊല്ലില്ലെന്നും വൈദികസമ്മേളനം. സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നും കാനോനികമായി യാതൊരു സാധുതയുമില്ലാത്ത സര്‍ക്കുലറാണ് അതെന്നും ആയതിനാല്‍ ആ സര്‍ക്കുലര്‍ ഇടവകളില്‍ വായിക്കുകയില്ലെന്നും വിശുദ്ധവാരത്തില്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കുകയില്ലെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും സംബന്ധിച്ച് വളരെ വേദനയുണ്ടാക്കിയതായിരുന്നു ഇന്നലെ മാര്‍ കരിയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ചോദിച്ചപ്പോള്‍ താന്‍ സമ്മര്‍ദ്ദഫലമായിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് മാര്‍ കരിയില്‍ വ്യക്തമാക്കി വൈദികസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് വക്താവ് അറിയിച്ചു. ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നിലവില്‍ വരുമെന്നായിരുന്നു മാര്‍ ആന്റണി കരിയില്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായി ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പില്‍വരുമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും മാര്‍ കരിയിലും സംയുക്തമായി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഏകീകൃത കുര്‍ബാനയെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് അവസാനമായെന്ന് കരുതി വിശ്വാസികള്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് പുതിയ വിവാദത്തിന് തിരി തെളിഞ്ഞത്.