കോഴിക്കോട്: മദ്യാസക്തര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മദ്യം നല്‍കാനുള്ള നീക്കം അധാര്‍മ്മികവും അശാസ്ത്രീയവുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്ലിപോളും സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റണി ജേക്കബ് ചാവറയും പറഞ്ഞു. മദ്യാസക്തര്‍ക്ക് മദ്യമല്ല ചികിത്സയാണ് നല്‍കേണ്ടത്. മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ചികിത്സാമാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കാവുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മദ്യാസക്തിയുള്ളവര്‍ മദ്യം കിട്ടാതെ വരുമ്പോള്‍ പ്രകടമാക്കുന്ന അസ്വസ്ഥതകള്‍ക്കും ആത്മഹത്യാ പ്രേരണയ്ക്കും പരിഹാരമായി തുടര്‍ന്നും നിശ്ചിത അളവില്‍ മദ്യം നല്കാന് കുറിപ്പടിയെഴുതുന്ന ചികിത്സാനയം ഭൂഷണമല്ലെന്ന് ഡീ അഡീഷന്‍ സെന്ററുകളില്‍ സേവനമനുഷ്ഠിക്കുകയും ലഹരിവിമോചന ക്ലാസുകള്‍ നയിക്കുകയും ചെയ്യുന്ന ഡോ. കാര്‍മലി സിഎംസി പറഞ്ഞു. മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകടിപ്പിക്കുന്ന വിറയല്‍, ഛര്‍ദ്ദി, ചുഴലി വിഭ്രാന്തി തുടങ്ങിയവക്ക് ചികിത്സയുണ്ടെന്നും മദ്യം കൊടുത്ത്മദ്യപരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കവും അതിനോട് സഹകരിക്കുന്നവരുടെ മനോഭാവവും വിചിത്രമായി തോന്നുന്നുവെന്നും ഡോ. കാര്‍മ്മലി അഭിപ്രായപ്പെട്ടു.