വത്തിക്കാന്‍ സിറ്റി: ഡിജിറ്റല്‍ അടിമത്തം മനുഷ്യബന്ധങ്ങളെ മുറിവേല്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. നോമ്പുകാല സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
സ്മാര്‍ട്ട് ഫോണുകള്‍ താഴെ വയ്ക്കാനും സഹായം അര്‍ഹിക്കുന്നവരുമായി നേര്‍ക്കുനേര്‍ കാണുന്നതിനും ഈ സമയം പ്രയോജനപ്പെടുത്തണം. വ്യക്തികളുമായി മുഖാഭിമുഖം കാണുന്നതിനും സംസാരിക്കുന്നതിനും സഹായിക്കുന്നതിനും നോമ്പുകാലം പ്രയോജനപ്പെടുത്തണം. അതിന് ഫോണുകള്‍ കൈയില്‍ നിന്ന് താഴെ വയ്ക്കണം. ഡിജിറ്റല്‍ അടിമത്തം ഒഴിവാക്കണം.
മധുരം, സോഷ്യല്‍ മീഡിയ, മദ്യപാനം , മറ്റ് ആഡംബരങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അകലം പാലിച്ചുകൊണ്ടാണ് ഈ നോമ്പുകാലം പലരും ആചരിക്കുന്നത്. ജീവിതത്തിലുള്ള തിന്മകളെ സമൂലം വേരോടെ പിഴുതെറിയാന്‍ ഈ അവസരം നാം പ്രയോജനപ്പെടുത്തണം. അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ നാം വളരണം. ദൈവം എപ്പോഴും ക്ഷമിക്കുന്നവനാണെന്ന് മനസ്സിലാക്കണം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ റദ്ദാക്കിയിരുന്ന വിഭൂതി ദിനത്തിലെ പ്രദക്ഷിണത്തിന് ഈവര്‍ഷം മാര്‍പാപ്പ നേതൃത്വം നല്‍കും. അഞ്ചാം നൂറ്റാണ്ടുമുതല്ക്കുള്ള പാരമ്പര്യമാണ് വിഭൂതി ദിനത്തിലെ പ്രദക്ഷിണം.ആഗോള സഭാ പാരമ്പര്യമനുസരിച്ച് മാര്‍ച്ച് രണ്ടിനാണ് നോമ്പാചരണത്തിന് തുടക്കം കുറിച്ച് വിഭൂതി ബുധന്‍ ആചരിക്കുന്നത്.