ഒഡീഷ: ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയന്‍സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ധാരാസിംങ്, തന്റെ ജയില്‍ കാലാവധി ഇളച്ചുതരാനായി നല്കിയ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. മൂന്നു വ്യത്യസ്ത കേസുകളിലായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന വ്യക്തിയാണ് ധാരാസിംങ്.
1999 ജനുവരി 22 നായിരുന്നു മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ ക്രൂരകൃത്യം അരങ്ങേറിയത്. വാനില്‍ ഉറങ്ങികിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പി്ഞ്ചുമക്കളെയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത് അന്നായിരുന്നു. 1999 സെപ്തംബര്‍ രണ്ടിന് ഫാ. അരുള്‍ ദോസിന് നേരെ നടത്തിയ അക്രമമായിരുന്നു ധാരാസിംങ് പ്രതിയായ മറ്റൊരു കേസ്. മുസ്ലീം വസ്ത്രവ്യാപാരിയായ ഷെയ്ക്ക് റഹ്മാന്റെ കൊലപാതകത്തിലും ധാരാസിംങ് പ്രതിയാണ്.
21 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുവെന്നും ബാക്കിയുള്ള വര്‍ഷം ഇളവു നല്കണമെന്നുമാണ് ധാരാസിംങ് കോടതിയില്‍ അപേക്ഷിച്ചത്. എന്നാല്‍ ഇത്തരമൊരു ഇളവ് അനുവദിക്കത്തക്ക യാതൊരു യോഗ്യതയും പ്രതിക്കില്ലെന്ന് കോടതിനിരീക്ഷിച്ചു. ക്രൂരമായ കൊലപാതകങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും സാഹചര്യം കൊണ്ടല്ല കൊലപാതകം നടത്തേണ്ടിവന്നതെന്നും കോടതി വ്യക്തമാക്കി.
കട്ടക് ഭുവനേശ്വര്‍ അതിരൂപത വക്താവ് ഫാ. ഡിബാക്കര്‍ പാരിച്ച്ഹാ കോടതി വിധിയില്‍ സന്തോഷം അറിയിച്ചു.