മുംബൈ: കോവിഡ് മൂലം മരണമടഞ്ഞവരെ സെമിത്തേരികളില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കര്‍ അതിരൂപതയെ സമീപിച്ചു.കോവിഡ് മൂലം മരണമടഞ്ഞ 61 കാരിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദഹിപ്പിക്കുകയാണ് ചെയ്തത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തുടക്കത്തിലുള്ള നിര്‍ദ്ദേശം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരീരം ദഹിപ്പിക്കണം എന്നതായിരുന്നു. എന്നാല്‍ പിന്നീട് മുസ്ലീങ്ങള്‍ക്ക് സംസ്‌കാരത്തിനുള്ള സ്ഥലം കൊടുക്കുകയും ചെയ്്തിരുന്നു. തുടര്‍ന്നാണ് ക്രൈസ്തവസമൂഹവും മൃതസംസ്‌കാരത്തിന് സെമിത്തേരികള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയത്.
മൃതദേഹങ്ങള്‍ അടക്കം ചെയ്യാവുന്നതാണെന്നാണ് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണവും. കാരണം കോവിഡ് മൂലം മരിച്ചവരുടെ ശരീരത്തില്‍ നിന്ന് വൈറസ് വ്യാപിക്കുന്ന കാര്യം ശാസ്്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
നാലു സെമിത്തേരികള്‍ ഇതേ ആവശ്യത്തിനായി ഉപയോഗിക്കാമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ സെമിത്തേരികള്‍ ഇതിനായി നീക്കിവയ്ക്കണമെന്ന് വിശ്വാസികള്‍ അതിരൂപതയോട് ആവശ്യപ്പെട്ടു. അനുവദിക്കപ്പെട്ട സെമിത്തേരികളില്‍ ചിലവ ചെറുതാണ്. വലിയ സെമിത്തേരികളില്‍ കോവിഡ് മൂലം മരണമടഞ്ഞവരെ സംസ്‌കരിക്കാന്‍ അനുവാദവുമില്ല.
ബോംബൈ അതിരൂപതയുടെ കീഴില്‍ അഞ്ചുലക്ഷത്തോളം വിശ്വാസികളുണ്ട്.. 122 കത്തോലിക്കാ ദേവാലയങ്ങളുമുണ്ട്. ഇവയ്ക്ക് 60 സെമിത്തേരികള്‍ മാത്രമാണുള്ളത്.