കത്തോലിക്കാസഭയെയും മെത്രാന്മാരെയും കുറിച്ച് വ്യക്തമായ ധാരണയോ അറിവോ ഇല്ലാത്തവര്‍ പറയുന്നത് കത്തോലിക്കാ മെത്രാന്മാര്‍ സുഖജീവിതം നയിക്കുന്നവരും ആഡംബര പ്രേമികളുമാണെന്നാണ്.
ഏതെങ്കിലും ഒരാളുടെ ചില ഇടര്‍ച്ചകളെ പര്‍വതീകരിച്ചുകാണിക്കുന്നതുകൊണ്ടുള്ള ഈ പ്രചരണത്തില്‍ മങ്ങിപ്പോകുന്നത് ഒരു പറ്റം നല്ല മെത്രാന്മാരുടെ മുഖങ്ങളാണ്. അവരുടെ നന്മകള്‍ കാണാനോ അവരുടെ ജീവിതം മനസ്സിലാക്കാനോ പലപ്പോഴും അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനും കഴിയാതെപോകുന്നു. അതിനിടയില്‍ അപൂര്‍വ്വമായി മാത്രം അവരുടെ നന്മകള്‍ പൊതുജനങ്ങളുടെ മുമ്പിലെക്കെത്തുന്നു. അങ്ങനെയൊരു നന്മയാണ് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
അദിലാബാദ് ബിഷപ് പ്രിന്‍സ് പാണേങ്ങാടനാണ് ഈ സംഭവകഥയിലെ സൂപ്പര്‍ ഹീറോ. ഒരുപക്ഷേ ലോകത്തിലെ തന്നെ മറ്റൊരു മെത്രാനും ചെയ്തിട്ടില്ലാത്ത ഒര ുജോലിക്കാണ് ഈ ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്.
അദിലാബാദിലെ മിട്ടപ്പള്ളി ഗ്രാമത്തിലെ നിര്‍ദ്ധനനായ ശങ്കരയ്യക്ക് വീടു പണിതുകൊടുക്കാനാണ് മെത്രാന്റെ സ്ഥാനചിഹ്നങ്ങള്‍ അഴിച്ചുവച്ച് വെറും സാധാരണക്കാരനായി പൊരിവെയിലത്ത് നിന്ന് അദ്ദേഹം പണിയെടുക്കുന്നത്. വൈദ്യൂതി മീറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് ശങ്കരയയ്യുടെ വീട് കത്തിനശിച്ചത്. ഗ്രാമപഞ്ചായത്ത് വീടിന്റെ മേല്‍ക്കൂരയ്ക്കുള്ള ഷീറ്റ്‌നല്കാമെന്നേറ്റെങ്കിലും മറ്റ് ജോലികള്‍ക്കുള്ള പണം കണ്ടെത്താന്‍ ശങ്കരയയ്യക്ക് കഴിയുമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി വീടുപണിയുടെ ഉത്തരവാദിത്തം മാര്‍ പാണേങ്ങാടന്‍ ഏറ്റെടുത്തത്. എന്നാല്‍ രൂപതയുടെ സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്തപ്പോള്‍ തൊഴിലാളികള്‍ക്ക് പകരം ജോലി ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം രൂപതയിലെ ഏതാനും വൈദികരും കൂടി സേവനസന്നദ്ധരായി വീടുപണിക്കിറങ്ങുകയായിരുന്നു. സെക്രട്ടറിയും രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടറും ബിഷപ്പ് പാണേങ്ങാടനൊപ്പം ഫൗണ്ടേഷന്‍ ജോലികളില്‍ സഹായികളായുണ്ട്. ഭിത്തികെട്ടാനും മറ്റ് പണികള്‍ക്കുമായി സന്യാസിനികളും വൈകാതെ എത്തിച്ചേരും.
ബിഷപ് പ്രിന്‍സ് പാണേങ്ങാടന്റെ ഈ മഹനീയ പ്രവൃത്തി ഏറെ പ്രശംസ കവരുന്നുണ്ട്. ഒരു മെത്രാന്‍ തന്റെ ആലയില്‍ പെടാത്ത ആടുകള്‍ക്കുവേണ്ടിയും ജീവിക്കുന്നവനാണെന്ന ബോധ്യമുണ്ടാക്കാന്‍ അങ്ങയുടെ ഈപ്രവൃത്തിക്ക് സാധിച്ചു. മരിയന്‍ പത്രത്തിന്റെ അഭിനന്ദനങ്ങള്‍.
അങ്ങയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകളും പ്രാര്‍ത്ഥനകളും നേരുകയും ചെയ്യുന്നു.