പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുകയാണോ, ആശ്വാസവും പ്രത്യാശയും ലഭിക്കാന്‍ ഈ തിരുവചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം…

പ്രശ്‌നങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ട്. വ്യക്തിപരമായി അത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. ഒരാള്‍ നേരിടുന്ന പ്രശ്‌നമായിരിക്കില്ല മറ്റൊരാള്‍ നേരിടുന്നത്. പക്ഷേ ഒരു ക്രിസ്ത്യാനിയൊരിക്കലും പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോകരുത്. കാരണം പ്രശ്‌നത്തെക്കാള്‍ വലിയ ഒരു ദൈവം അവനുണ്ട്. ആ ദൈവത്തിലാണ് ക്രിസ്ത്യാനി ശരണം വയ്ക്കുന്നത്. ആ ദൈവത്തിലാണ് അവന്‍ ആശ്വാസം കണ്ടെത്തുന്നത്. നാം നേരിടുന്ന ഏതു പ്രശ്‌നത്തിനും ദൈവത്തിന്റെ പക്കല്‍ മറുപടിയും പരിഹാരവുമുണ്ട്.

താഴെ കൊടുത്തിരിക്കുന്ന തിരുവചനഭാഗം അതിന്റെ പ്രകടമായ തെളിവാണ്.

യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഭയപ്പെടേണ്ട ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്. സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിക്കും. നദികകള്‍ കടക്കുമ്പോള്‍ അത് നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലുംം നിനക്ക് പൊള്ളലേല്ക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയും ഇല്ല. ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്.( ഏശയ്യ 43: 1-3)

ഈ തിരുവചനഭാഗം നാം വ്യക്തിപരമായി ഏറ്റെടുക്കണം.അതായത് യാക്കോബേ എന്നിടത്ത് തോമസ് എന്നോ ജോസഫ് എന്നോ അബ്രഹാം എന്നോ സാറായെന്നോ മേരിയെന്നോ ആണ് പറയുന്നത് എന്ന് വിശ്വസിക്കുക. ഈ വചനം ദൈവം എന്നോട് നേരിട്ട്, എന്നെ സംബോധന ചെയ്ത് പറയുന്നതാണ്. ഞാന്‍ കടന്നുപോകുന്ന പ്രശ്‌നം ഏതുമായിരുന്നുകൊള്ളട്ടെ അവിടെയൊന്നും ഭയപ്പെടരുത് എന്നാണ് ദൈവം ഓര്‍മ്മിപ്പിക്കുന്നത്.

കാരണം ദൈവമാണ് എന്നെ സൃഷ്ടിക്കുകയും എന്നെ രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഞാന്‍ ദൈവത്തിന്റേതാണ്. സമുദ്രം എന്നതിനെ നാം കടന്നുപോകുന്ന പ്രശ്‌നങ്ങളായി കണക്കാക്കണം. അഗ്നിയാവട്ടെ നാം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളാണ്. ഇവിടെയൊന്നും നാം പതറുകയില്ല, നമുക്കൊരു അപകടമോ ആപത്തോ സംഭവിക്കുകയില്ല. കാരണം നമ്മുക്ക് വാക്ക് തന്നിരിക്കുന്നു നമുക്കൊരു അപകടവും ഉണ്ടാവുകയില്ലെന്ന്. പിന്നെ നാം എന്തിന് ഭയക്കണം

ഇങ്ങനെയൊരു വിശ്വാസത്തോടെ നമുക്ക് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം. ഈ വചനത്തിന്‌റെ ശക്തിയാല്‍ നാം അനുഗ്രഹം പ്രാപിക്കുമെന്ന് നിസ്സംശയം പറയാന്‍ കഴിയും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.