കിവ്: സഭ നിങ്ങളുടെ ഒപ്പമുണ്ടെന്നും എല്ലാവരും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവ്ചുക്ക് വിശ്വാസികളെ അറിയിച്ചു. ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ നമുക്ക് ശക്തിയും ഉത്ഥാനത്തിന്റെ പ്രത്യാശയും ലഭിക്കുന്നത് ദിവ്യകാരുണ്യസ്വീകരണത്തിലൂടെയാണ്. അതുകൊണ്ട് വൈദികര്‍ നിങ്ങള്‍ക്കു വേണ്ടി ദിവ്യകൂദാശകള്‍ പരികര്‍മ്മം ചെയ്യും.
ഫെബ്രുവരി 27 നാണ് വിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അദ്ദേഹം വീഡിയോ സന്ദേശം നല്കിയത്. ഇന്ന് ഞായറാഴ്ച. മറ്റൊരു ഭീകരരാത്രിയെകൂടി നാം അതിജീവിച്ചു. രാത്രിക്ക് ശേഷം പ്രകാശം വരും. മരണത്തിന് ശേഷമാണ് ഉത്ഥാനം. സാഹചര്യം അനുവദിക്കുന്ന എല്ലാവരും ഇന്ന് ദേവാലയത്തില്‍ പോകണം. കുമ്പസാരിക്കണം, ദിവ്യകാരുണ്യം സ്വീകരിക്കണം.
ഗവണ്‍മെന്റ് അധികാരികളെയും അദ്ദേഹം വീഡിയോയില്‍ പ്രശംസിച്ചു. അവര്‍ തങ്ങള്‍ക്ക് ആകാവുന്നതിന്റെ അങ്ങേയറ്റം ചെയ്യുന്നുണ്ട്. ഒരിക്കല്‍ നാം സംശയിച്ചിട്ടുണ്ട് നമ്മുടെ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഫലപ്രദമാണോയെന്ന്. പക്ഷേ ഇപ്പോള്‍ ആ സംശയം മാറി. പട്ടാളത്തിനും അടിയന്തിര സേവനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഓസ്‌ട്രേലിയ, അര്‍ജന്റീന, ബ്രസീല്‍, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലെ കത്തോലിക്കാ സമൂഹങ്ങള്‍ക്കും നന്ദി അറിയിച്ചു.