ചിലപ്പോഴെങ്കിലും ചിലര്‍ക്ക് അങ്ങനെ സംഭവിക്കാറുണ്ട്. ചില പാപങ്ങള്‍ വൈദികനോട് ഏറ്റുപറയാന്‍ മറന്നുപോകും. അത് മനപ്പൂര്‍വ്വമായിരിക്കില്ല. കുമ്പസാരം നടത്തി വൈദികന്‍ പറയുന്ന പ്രായശ്ചിത്തവും നിറവേറ്റിക്കഴിയുമ്പോഴായിരിക്കും ഓര്‍മ്മിക്കുന്നത് യ്യോ ആ പാപം പറഞ്ഞില്ലല്ലോ എന്ന്.
അതോടെ മനസ്സ് സംഘര്‍ഷാവസ്ഥയിലാകും. കുമ്പസാരിച്ചത് ശരിയായോ..വീണ്ടും കുമ്പസാരിക്കണോ..
വേണ്ട എന്നാണ് വൈദികര്‍ പറയുന്നത്. കാരണം ആ പാപം നമ്മള്‍ മനപ്പൂര്‍വ്വം പറയാതിരുന്നതല്ലല്ലോ.. എന്തുകൊണ്ടോ മറന്നുപോയി. അതുകൊണ്ട് ഏതെങ്കിലും ഒരു കുമ്പസാരത്തില്‍ പാപം പറയാന്‍ മറന്നുപോയതിന്റെ പേരില്‍ നാം അതോര്‍ത്ത് മനസ്സ് പുണ്ണാക്കേണ്ടതില്ല.
ഓര്‍മ്മ കുറവായതുകൊണ്ട് സംഭവിച്ചതാണത്. ദൈവം ആ പാപം ക്ഷമിച്ചുകഴിഞ്ഞു. എങ്കിലും അടുത്ത കുമ്പസാരത്തില്‍ ഈ പാപം ഏറ്റുപറയേണ്ടതാണ്. അത് വരപ്രസാദാവസ്ഥയില്‍ തുടര്‍ന്നും ജീവിക്കാന്‍ വേണ്ടിയാണ്.
കുമ്പസാരത്തിന് പോകുന്നതിന് മുമ്പായി നല്ല ഒരുക്കം വേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് എത്തിക്കുന്നുണ്ട്. പ്രാര്‍ത്ഥനയും ധ്യാനവും ഓരോ കുമ്പസാരത്തിന് മുമ്പും നമുക്ക് ആവശ്യമാണ്. ദൈവവചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നാം പാപങ്ങളെ പരിശോധിക്കേണ്ടത്. പ്രത്യേകിച്ച് പത്തുപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍.
ഇത് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്ന ദൈവവുമായി നല്ലൊരു ആത്മീയബന്ധത്തില്‍ വളരുന്നതിന് നമ്മെ സഹായിക്കും. നന്നായി ഒരുങ്ങിയാണ് കുമ്പസാരത്തിന് അണയുന്നതെങ്കില്‍, തുടര്‍ച്ചയായ കുമ്പസാരം ഒരു ശീലമാക്കുകയാണെങ്കില്‍ നാം ആത്മീയമായി വളര്‍ന്നുകൊണ്ടേയിരിക്കും.