വിമലഹൃദയ ജപമാലയുടെ ഒന്നാം രഹസ്യത്തില്‍ നാം ധ്യാനിക്കുന്നത് പരിശുദ്ധമറിയത്തിന്റെ ആഴമായ ദൈവവിശ്വാസമാണ്. ആഴമായ വിശ്വാസത്താല്‍ ദൈവഹിതത്തിന് കീഴ് വഴങ്ങിയ പരിശുദ്ധ അമ്മയെ ധ്യാനിക്കാം എന്നാണ് അവിടെ നാം പ്രാര്‍ത്ഥിക്കുന്നത്.
വിശ്വാസമാണ് കത്തോലിക്കാജീവിതത്തിന്റെ ആണിക്കല്ല്. ക്രിസ്തു എന്നും ശിഷ്യരെ പ്രചോദിപ്പിക്കുന്നത് വിശ്വാസികളായിരിക്കാനാണ്. നിങ്ങളിലെ അല്പവിശ്വാസം കൊണ്ടാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയതെന്നും കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മല കടലില്‍ ചെന്ന് പതിക്കുമെന്നുമെല്ലാം ക്രിസ്തു പറയുന്നുണ്ടല്ലോ? വിശ്വാസിയായിരിക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി.
ഈ വെല്ലുവിളി ആദ്യം ഏറ്റെടുക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത വ്യക്തിയായിരുന്നു പരിശുദ്ധമറിയം. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുക എന്ന് പറയുമ്പോള്‍ അത് സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് വിശ്വസിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. പക്ഷേ മറിയം അതിനോട് പ്രതികരിച്ചത് ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ ഹിതംപോലെഎന്നില്‍ സംഭവിക്കട്ടൈയെന്നായിരുന്നു.
അതെ, ദൈവഹിതത്തിന് സമര്‍പ്പിക്കാനും വിശ്വസിക്കാനും കഴിയുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാണാം.
ജീവിതത്തില്‍ എത്രയോ നിയോഗങ്ങള്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. നല്ല ജോലി, രോഗസൗഖ്യം, മക്കളുടെ വിവാഹം, കടബാധ്യത, വിദ്യാഭ്യാസവിജയം, പക്ഷേ അതിന് വേണ്ടിയൊക്കെ പ്രാര്‍ത്ഥിക്കുമ്പോഴും നമ്മുടെ വിശ്വാസം പലപ്പോഴും ദുര്‍ബലമാണ്. ഇവിടെയാണ് വിമലഹൃദയജപമാലയില്‍ മാതാവിന്റെ ആഴമായ വിശ്വാസത്തോടു ചേര്‍ന്ന് നാം പ്രാര്‍ത്ഥിക്കുന്നത്.
നമ്മുടെ വിശ്വാസത്തിന്റെ കുറവുകളെ പരിഹരിച്ചുകൊണ്ട് മാതാവ് നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കും. നമ്മള്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട് വിമലഹൃദയ ജപമാല നമുക്ക് വിശ്വാസത്തോടെ പ്രാര്‍തഥിക്കാം.