കുറവിലങ്ങാട്: ക്ലരീഷ്യന്‍ സന്യാസസഭയുടെ ഭാരതത്തിലെ പ്രഥമ ക്ലരീഷ്യന്‍ ഫാ. ജോസഫ് മാധവത്ത് അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ക്ലരീഷ്യന്‍ സഭയുടെ സെന്റ് തോമസ് പ്രവിശ്യ പ്രൊവിന്‍ഷ്യാല്‍ ഫാ. ജോസ് തേന്‍പിള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മ്മികത്വത്തില്‍ മൃതദേഹം സംസ്‌കരിക്കും.
1984ല്‍ ഉണ്ടായ കാറപകടത്തിന് ശേഷം കുറവിലങ്ങാട് ക്ലാരെറ്റ് ഭവനില്‍ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1968 ല്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ വച്ചായിരുന്നു പൗരോഹിത്യസ്വീകരണം.
ജര്‍മ്മനിയില്‍ നിന്ന് തിരികെയെത്തിയ അദ്ദേഹം കുറവിലങ്ങാട് ക്ലാരെറ്റ് ഭവന്‍ സെമിനാരിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സുപ്പീരിയറായ ഏതാനും വര്‍ഷം സേവനം ചെയ്തശേഷം ക്ലരീഷ്യന്‍ സമൂഹത്തെ ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കുന്നതിനായി ഇറങ്ങിതിരിച്ചു.