കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം ആറ്, ഏഴ് തീയതികളില്‍ ഓണ്‍ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റെ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ് എന്ന നിലയില്‍ താനും മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറിലെ തീരുമാനങ്ങള്‍ അതിരൂപതയില്‍ നിയമപരമായി നിലനില്ക്കുന്നതാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
ഇത് സംബന്ധിച്ച് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനാണ് ഈ അറിയിപ്പ് നല്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ 2022 മാര്‍ച്ച് 25 ന് അതിരൂപതയ്ക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന് നല്കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാനുളള അധികാരം മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ ന ിക്ഷിപ്തമാണ്.
അതിനാല്‍ ഏഴിന് നല്കപ്പെട്ടിരിക്കുന്ന സര്‍ക്കുലറിലെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണെന്ന് ഇതിനാല്‍ അറിയിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പിന്റെ അറിയിപ്പില്‍ പറയുന്നു.