ഭൂവനേശ്വര്‍: 22 വര്‍ഷത്തിന് ശേഷം വിശ്വാസികള്‍ക്കായി ദേവാലയം തുറന്നുകൊടുത്തു. ബെര്‍ഹാംപൂര്‍ രൂപതയിലെ ചാന്ദിപ്പത്ത് ദേവാലയമാണ് സിവില്‍ അധികാരികളുടെ സഹായത്തോടെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്.
ബിഷപ് നല്കിയ സ്ഥലംമാറ്റം അനുസരിക്കാതെ വൈദികന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഈ വൈദികന്‍ പുതുതായി നിയമനം നല്കിയ വൈദികനെ ദേവാലയത്തില്‍ പ്രവേശിപ്പിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല, 2013 ലാണ് നിലവിലെ വികാരി ഫാ. കബിരാജ് നിയമിതനായത്. ഈ സാഹചര്യത്തില്‍ ഗ്രാമീണര്‍ നല്കിയ ഭവനത്തില്‍ താമസിച്ച് തുറന്നായ സ്ഥലത്തോ അല്ലെങ്കില്‍ കോണ്‍വെന്റിലോ ബലിയര്‍പ്പിക്കുകയാണ് താന്‍ ചെയ്തിരുന്നതെന്ന് ഫാ കബിരാജ് അറിയിച്ചു.
വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. പാണിയാണ് പുതിയ വൈദികനെ ദേവാലയത്തില്‍ പ്രവേശിപ്പിക്കാന്‍ പോലും അനുവദിക്കാതിരുന്നത്. 1996 ലാണ് ഇദ്ദേഹത്തെ വികാരിയായി നിയമിച്ചത്. മൂന്നുവര്‍ഷത്തിന് ശേഷമായിരുന്നു ട്രാന്‍സ്ഫര്‍, പക്ഷേ ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിന്‍സെന്‍ഷ്യന്‍ സഭയും വിഷയത്തില്‍ ഇടപെട്ടുവെങ്കിലും സുപ്പീരിയേഴ്‌സിനെയും അനുസരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ അദ്ദേഹത്തെ പുറത്താക്കിയതായി റോമില്‍ നിന്ന് അറിയിപ്പും വന്നു. അപ്പോഴും പള്ളിമേടയോ പള്ളിയോ പുതിയ വൈദികര്‍ക്കുവേണ്ടി വിട്ടുകൊടുക്കാന്‍ ഫാ. പാണി തയ്യാറായില്ല. തന്നെ പിന്തുണയ്ക്കുന്ന 100 കുടുംബങ്ങള്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ച് അവിവാഹിതരായ മൂന്നു സഹോദരിമാരുമൊത്ത് പ്രിസ്‌ബെറ്ററിയില്‍ അദ്ദേഹം കഴിഞ്ഞുപോരുകയായിരുന്നു. ഇടവകയില്‍ 500 കുടുംബങ്ങളാണ് ഉളളത്.
പിന്നീട് പോലീസും കോടതിയും കേസില്‍ ഇടപെട്ടു. മധ്യസ്ഥചര്‍ച്ചയ്ക്കായി വിളിച്ചുചേര്‍ത്ത രണ്ടു മീറ്റിങുകളിലും ഫാ. പാണി പങ്കെടുത്തില്ല. തുടര്‍ന്ന് തഹസീല്‍ദാറിന്റെ സാന്നിധ്യത്തില്‍ പോലീസ് പള്ളിഗെയ്റ്റിന്റെ താക്കോല്‍ തകര്‍ക്കുകയും ദേവാലയത്തിന്റെ ചുമതല പുതിയ വൈദികനെ ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.