ഇറാക്ക്: ഇറാക്കിലേക്ക് ക്രൈസ്തവരോട് മടങ്ങിവരണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ കാസെമിയുടെ അഭ്യര്‍ത്ഥന. രാജ്യത്തെ യഥാര്‍ത്ഥ മക്കള്‍ ക്രൈസ്തവരാണെന്ന് അദ്ദേഹം പറഞ്ഞു. അസ്സീറിയന്‍ ഇന്റര്‍നാഷനല്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി മുസ്തഫയും കല്‍ദായ കാത്തലിക് പാത്രിയാര്‍ക്ക കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയും ബാഗ്ദാദിലെ ഏതാനും മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാക്കില്‍ നിന്ന് പലായനം ചെയ്ത അനേകം ക്രൈസ്തവര്‍ക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന കാര്യം പാത്രിയാര്‍ക്ക പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ക്രൈസ്തവരുടെ മടങ്ങിവരവിന് പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇറാക്കിന്റെ ഐഡന്റിന്റിയില്‍ ക്രൈസ്തവര്‍ അഭിമാനിക്കുന്നു. അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വേണം. അദ്ദേഹം പറഞ്ഞു.
ഇറാക്ക് എല്ലാവരുടേതുമാണെന്നും രാജ്യത്തെ യഥാര്‍ത്ഥ കുട്ടികള്‍ ക്രൈസ്തവരാണെന്നുമായിരുന്നു ഇതിനുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. എല്ലാവരും ഇറാക്കിന്റെ ഭാവിയെ കരുപിടിപ്പിക്കുന്നവരാണ്. ക്രൈസ്തവര്‍ മടങ്ങിവരുന്നതില്‍ തങ്ങള്‍ സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഐഎസിന്റെ ആവിര്‍ഭാവത്തോടെ 2014 മുതല്‍ ക്രൈസതവ സമൂഹം ഇറാക്കില്‍ സമ്മര്‍ദ്ദത്തിലാണ്.