ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവ മതപീഡനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും രാജ്യത്തെ മെത്രാന്മാര്‍ നിശ്ശബ്ദത പാലിക്കുകയാണെന്നും ഇത് ഞെട്ടലുളവാക്കുന്നുണ്ടെന്നും ആയതിനാല്‍ ഈ വിഷയത്തില്‍ അവരുടെ പ്രതികരണം ആവശ്യമാണെന്നും ഫോറം ഓഫ് റിലീജിയസ് ഫോര്‍ ജസ്റ്റീസ് ആന്റ് പീസ്. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മെത്രാന്മാര്‍ നിലയുറപ്പിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 486 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സഭയുടെ ഭാഗമായ സിബിസിഐ ഇക്കാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തുന്നു. ഇത് ഞങ്ങളെ ഞെട്ടിച്ചിരിക്കുന്നു. രാജ്യത്തെ ക്രൈസ്തവരുടെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ വര്‍ഷമായിരുന്നു 2021. വളരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഈ വര്‍ഷം നടന്നത്. ഇതില്‍ പ്രധാനമായും ക്രിസ്തുമസ് തലേന്നും ക്രിസ്തുമസ് ദിനത്തിലും നടന്ന അക്രമങ്ങളാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് വ്യതിചലിച്ച സംഭവങ്ങളായിരുന്നു ഇവ. സിബിസിഐ ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയ്ക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനസംഖ്യയില്‍ വെറും രണ്ട് ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ഹിന്ദുക്കള്‍ 80 ശതമാനവും മുസ്ലീമുകള്‍ 15 ശതമാനവുമുണ്ട്.