ക്രിസ്തീയ സഭകളിലേക്കു മതം മറിയവർക്കു സഭകളിൽ വിവേചനം നേരിടുന്നുവെന്ന ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനം എന്ത് ?

കൊച്ചി:   ക്രിസ്തീയസഭകളിലേക്കു മതം മറിയവർക്കു   സഭകളിൽ വിവേചനം നേരിടുന്നുവെന്ന  ന്യൂനപക്ഷ കമ്മീഷൻ
പഠനറിപ്പോർട്ട്  എന്ത് അടിസ്ഥാനത്തിലാണെന്നു  വ്യക്തമാക്കണമെന്നു സീറോ മലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും   ജീവനും വേണ്ടിയുള്ള കമ്മീഷൻ ആവശ്യപ്പെട്ടു.  

ന്യൂനപക്ഷ കമ്മീഷന്‍റെ  കണ്ടെത്തലുകൾ എന്ന രീതിയിൽ  കഴിഞ്ഞ ദിവസം  മാധ്യമങ്ങളിൽ വന്ന  വാർത്ത തെറ്റിദ്ധാരണജനകവും  അസത്യവുമാണെന്നു  കമ്മീഷൻ വ്യക്തമാക്കി.   കത്തോലിക്കാ സഭയിൽ എല്ലാ വിശ്വാസികൾക്കും തുല്യപരിഗണനയാണുള്ളത്.  സഭയ്ക്കുള്ളിൽ ചിലർ വിവേചനം അനുഭവിക്കുന്നു എന്ന ആരോപണം  തെറ്റിദ്ധാരണാജനകമാണ്. ഇതു തിരുത്താൻ ന്യൂനപക്ഷ കമ്മീഷൻ  തയ്യാറാകണം.

 ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരിൽ ദളിതരോടും  പിന്നോക്കക്കാരോടും സർക്കാരുകൾ നടത്തുന്ന വിവേചനം മറച്ചുവെച്ച് ആരോപണം ഉന്നയിക്കുന്ന സർക്കാർ ഏജൻസി ന്യൂനപക്ഷങ്ങൾ നേരിടുന്ന ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള സത്വര നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കമ്മീഷൻ ചൂണ്ടികാട്ടുന്നു. ദളിത് ക്രൈസ്തവരോടു സർക്കാർ കാണിക്കുന്ന അവഗണനയെ കുറിച്ച്,അവരോടുള്ള നീതിനിഷേധത്തെ കുറിച്ച് ഒരു പഠന റിപ്പോർട്ട്  തയാറാക്കാൻ കമ്മീഷൻ മുന്നോട്ടുവരണം.

ന്യൂനപക്ഷവിഭാഗമാണെന്നു  വ്യക്തമാക്കുന്പോഴും സർക്കാർ തലത്തിൽ ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതു കൂടി കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കണം.  സഭ എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് നില കൊള്ളുന്നത്. സഭയിൽ എല്ലാ വിശ്വാസികൾക്കും തുല്യപരിഗണന തന്നെയാണ് ലഭിക്കുന്നത്. സത്യങ്ങളെ മൂടി വച്ചു അസത്യങ്ങളെ  പ്രചരിപ്പിച്ചു കൈയടി നേടാനുള്ള നീക്കമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സീറോമലബാർസഭ കമ്മീഷൻ  അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി  റവ.ഡോ. ആന്‍റണി മൂലയിൽ അധ്യക്ഷത വഹിച്ചു.  കുടുംബ പ്രേഷിതവിഭാഗം സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തിൽ, പ്രൊലൈഫ്  അപ്പോസ്തലേറ്റ് സെക്രട്ടറി  സാബു ജോസ്, ലെയ്റ്റി ഫോറം സെക്രട്ടറി  അഡ്വ. ജോസ് വിതയത്തിൽ,  മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.