റാവല്‍പ്പിണ്ടി: ദൈവനിന്ദാപരമായ സന്ദേശം അയച്ചതിന്റെ പേരില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ക്രൈസ്തവന്റെ ശിക്ഷ റാവല്‍പ്പിണ്ടിയിലെ കോടതി ശരിവച്ചു. 56 കാരനായ സഫര്‍ ഭാട്ടിയുടെ ശിക്ഷയാണ് കോടതി അനുകൂലിച്ചത്. ഇതനുസരിച്ച് 25 വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കഴിയേണ്ടിവരും.
സെക്ഷന്‍ 295 – സി അനുസരിച്ചാണ് ശിക്ഷ. ദൈവദൂഷണക്കുറ്റം ചുമത്തപ്പെടുന്നവര്‍ക്ക് സാധാരണയായി പാക്കിസ്ഥാനില്‍ വധശിക്ഷയാണ് വിധിക്കുന്നത്. എന്നാല്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിന് വേണ്ടത്ര തെളിവില്ലാത്തതിനാലാണ് ശിക്ഷ ജീവപര്യന്തമായി കുറച്ചത്. ദൈവനിന്ദാപരമായ സന്ദേശം താന്‍ അയച്ചിട്ടില്ലെന്നും താന്‍ ചെയ്യാത്ത കുറ്റം പോലീസ് തന്നെ പീഡിപ്പിച്ച് സമ്മതിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2012 ലാണ് ഭാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. 2017 മെയ് 3 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
ഹെപ്പറ്റൈറ്റിസ് സി മൂലം മരണമടഞ്ഞ ഗാസല ഖാന്‍ എന്ന സ്ത്രീയുടെ നമ്പറില്‍ നിന്നാണ് കേസിന് ആസ്പദമായ സന്ദേശം പോയതെന്നും താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും ഭാട്ടി കോടതിയില്‍ വാദിച്ചു. വ്യക്തിവിദ്വേഷം തീര്‍ക്കുന്നതിന് ദൈവനിന്ദാക്കുറ്റം ആരോപിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന്‍ ഗവണ്‍മെന്റും ഇപ്പോള്‍ ബോധവാന്മാരാണ്.
ക്രൈസ്തവ മതപീഡനത്തില്‍ പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. 209 മില്യന്‍ ജനങ്ങളുള്ള പാക്കിസ്ഥാനില്‍ നാലു മില്യന്‍ മാത്രമാണ് ക്രൈസ്തവരുള്ളത്.