ബെയ്ജിംങ്: നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പുസ്തകവുമായി ചൈനീസ് ഭരണകൂടം. കോളജിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമാണ് ഈ പുസ്തകം പ്രചരിപ്പിക്കപ്പെടുന്നത്. മതവിശ്വാസങ്ങളെ ലക്ഷ്യമാക്കി പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളെ അനുദിനം പരിഷ്‌ക്കരിക്കേണ്ടതിനെക്കുറിച്ചും പ്രതിപാദിക്കുന്നു.
ദ പ്രിന്‍സിപ്പല്‍സ് ഓഫ് സയന്റിഫിക് എത്തീസം എന്നതാണ് ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകത്തിന്റെ പേര്. പ്രസിഡന്റ് ചിന്‍പിങ്ങിന്റെയും കാള്‍ മാര്‍ക്‌സിന്റെയും സിദ്ധാന്തങ്ങളെ പ്രതിപാദിക്കുന്ന പുസ്തകം ആറുവര്‍ഷം കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്.
ഔദ്യോഗികമായി ചൈനീസ് ഭരണകൂടം അഞ്ചു മതങ്ങളെയാണ് അംഗീകരിച്ചിരിക്കുന്നത്. ബുദ്ധമതം, താവോയിസം, കത്തോലിക്കാവിശ്വാസം, പ്രൊട്ടസ്റ്റന്റിനിസം, ഇസ്ലാം. എല്ലാ മതങ്ങളും മതപ്രവര്‍ത്തനങ്ങളും ചൈനീസ് ഭരണകൂടത്തിന്റെ നിയമങ്ങള്‍ അനുസരിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്നാണ് പ്രഖ്യാപനം. മതവും മതപ്രവര്‍ത്തനങ്ങളും 2013 മുതല്‍ ചൈനയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.