പാപത്തെ പാപമായി കാണാതെ മറ്റു പല രീതികളിലും ദുർവ്യാഖ്യാനം ചെയ്യുന്ന ചില ആധുനിക പ്രവണതകൾക്കെതിരെ ശക്തമായ പ്രബോധനമാണ് (CCC 386). ദൈവത്തോട് ബന്ധപ്പെടുത്തി വേണം പാപത്തെക്കുറിച്ച് നാം മനസ്സിലാക്കുവാൻ എന്ന് തുടർന്ന് പറയുന്നുണ്ട്. ദൈവിക വെളിപാടിൽ നിന്നുമാത്രമേ പാപത്തെ പാപമായി കാണുവാൻ കഴിയുകയുള്ളൂ.
മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗമാണ് പാപകാരണമെന്നും പഠിപ്പിക്കുന്നുണ്ട്. ആദംവഴി പാപം കടന്നുവന്നതിനെക്കുറിച്ച് പറഞ്ഞിട്ട് അതിനുള്ള ഏകപരിഹാരം ഈശോയാണ് എന്ന് പഠിപ്പിക്കുകയാണ് തുടർന്നുള്ള ഖണ്ഡികകളിൽ. ഖണ്ഡിക 389-ൽ ഈശോയാണ് മനുഷ്യവർഗ്ഗത്തിന്റെ ഏകരക്ഷകൻ എന്ന് കൃത്യമായി പറയുന്നു. എല്ലാവരും ആദത്തിൽ മരിച്ചതിനാൽ എല്ലാവർക്കും രക്ഷ ആവശ്യമുണ്ട്. ഈശോയാണ് സാർവത്രികമായ ഈ രക്ഷ നൽകുന്നത്.
ആദിമാതാപിതാക്കന്മാരെ സാത്താൻ പാപത്തിലേക്ക് വീഴ്ത്തുന്നതിനെക്കുറിച്ച് CCC 391-ൽ പഠിപ്പിക്കുന്നു. സാത്താനെക്കുറിച്ചുള്ള പ്രധാന ചില ചിന്തകൾ തുടർന്ന് പങ്കുവയ്ക്കപ്പെടുന്നുണ്ട്. മാലാഖയുടെ പതനത്തിലൂടെയാണ് സാത്താൻ ഉണ്ടായതെന്നും ഒരിക്കൽ വീണുപോയാൽ പിന്നീട് അനുതപിക്കാൻ സാധ്യമല്ലാത്ത പ്രകൃതി മൂലമാണ് സാത്താന് ഒരിക്കലും രക്ഷയില്ലാത്തതെന്നുമുള്ള പഠനങ്ങൾ ഏറെ ബോധ്യങ്ങൾ നൽകുന്നവയാണ്.
മനുഷ്യൻ പാപം ചെയ്യുമെന്ന് അറിയാമായിരുന്നിട്ടും ദൈവം എന്തുകൊണ്ട് പാപം അനുവദിച്ചു എന്നതിനെകുറിച്ചുള്ള പഠനങ്ങൾ ദൈവ സ്നേഹത്തെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നീക്കിക്കളയുവാൻ പര്യാപ്തമാണ്. പാപത്തിന് മുൻപുള്ള അവസ്ഥയെക്കാൾ ശ്രേഷ്ഠമായ അവസ്ഥയിലേക്ക് ക്രിസ്തുവഴി മനുഷ്യവർഗ്ഗത്തിന് പ്രവേശനം സാധ്യമാണ് എന്ന് അറിയുമ്പോൾ വിശുദ്ധ അഗസ്തീനോസിനോടൊപ്പം നാമും പറയും, “ഓ പുണ്യപ്പെട്ട പാപമേ, രക്ഷകനെ ഭൂമിയിലേക്ക് കൊണ്ടുവന്ന പാപമേ”!
ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/K31mQ8pCQmw