കണ്ണ് കാണുന്നതിനു വേണ്ടിയാണ് ചെവി കേൾക്കുന്നതിനു വേണ്ടിയാണ് മൂക്ക് ശ്വസിക്കുന്നതിനു വേണ്ടിയാണ്… ഇതുപോലെ മനുഷ്യഹൃദയം ദൈവത്തെ പ്രാപിക്കാൻ വേണ്ടിയുള്ളതാണ്. ദൈവത്തെ പ്രാപിക്കാതെ മറ്റെന്തെല്ലാം സൗഭാഗ്യം ലഭിച്ചാലും മനുഷ്യാത്മാവ് അസ്വസ്ഥമായിരിക്കും എന്നതാണ് സത്യം. CCC 27-ൽ പറയുന്നു “ദൈവത്തിന് വേണ്ടിയുള്ള ദാഹം മനുഷ്യഹൃദയത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കാരണം മനഷ്യൻ ദൈവത്താലും ദൈവത്തിനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടവനാണ്.” ദൈവത്തോടുള്ള ഐക്യത്തിന് വിളിക്കപ്പെട്ടവനാണ് മനുഷ്യൻ എന്ന വസ്തുതയാണ് മനുഷ്യൻ്റെ മഹത്വത്തിന് സർവ്വോപരി അടിസ്ഥാനമായി നിലനിൽക്കുന്നതെന്ന് ആ ഖണ്ഡികയിൽ തുടർന്ന് പ്രതിപാദിക്കുന്നുണ്ട്.
ദൈവാന്വേഷണത്തിന് ബുദ്ധിശക്തിയുടെ സർവ്വയത്നവും ഇച്ഛാശക്തിയുടെ ആർജവവും ‘സത്യസന്ധമായ ഹൃദയവും’ ദൈവാന്വേഷണത്തിന് തന്നെ പരിശീലിപ്പിക്കുന്ന മറ്റുള്ളവരുടെ സാക്ഷ്യവും മനുഷ്യന് ആവശ്യമാണ് എന്ന് ഖണ്ഡിക 30-ൽ പഠിപ്പിക്കുന്നു. ദൈവത്തെ അന്വേഷിച്ചാൽ പോരാ പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചാൽ മാത്രമേ അവിടുത്തെ കണ്ടെത്താൻ സാധിക്കൂ എന്ന് (ജെറമിയാ 29:11-13) നാം വായിക്കുന്നുണ്ടല്ലോ.
ദൈവത്തെ അറിയുന്നതിനെക്കുറിച്ചുള്ള വഴികളെ കുറിച്ചാണ് മുപ്പത്തിയൊന്നാം ഖണ്ഡിക മുതൽ പ്രതിപാദിക്കുന്നത്. ദൈവം സവിശേഷമായി വെളിപ്പെടുത്താതെതന്നെ മനുഷ്യന് ദൈവത്തെക്കുറിച്ച് അറിയാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് എന്ന് പ്രത്യേകം ഓർക്കണം. സൃഷ്ടപ്രപഞ്ചത്തെയും (ഖണ്ഡിക 32) അതിൻ്റെ മകുടമായ മനുഷ്യനെയും (ഖണ്ഡിക 33) ശരിയായി നിരീക്ഷിച്ചാൽ ദൈവത്തെ കുറിച്ച് കുറച്ചൊക്കെ അറിയാൻ സാധിക്കുമെന്ന് CCC പഠിപ്പിക്കുന്നു.
മനുഷ്യൻ്റെ ബുദ്ധിശക്തികൊണ്ട് മാത്രം ദൈവത്തെ അറിയുന്നതിന് നിരവധി വൈഷമ്യങ്ങൾ ഉണ്ട് എന്ന് CCC 37-ൽ പറയുന്നു. അതുകൊണ്ട് ദൈവം തന്നെതന്നെ വെളിപ്പെടുത്തേണ്ടത് ആവശ്യമായിവരുന്നുവെന്ന് ഖണ്ഡിക 38-ൽ പറഞ്ഞുവെക്കുന്നു. CCC 39 മുതൽ ദൈവത്തെപ്പറ്റി എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നാണ് പഠിപ്പിക്കുന്നത്. “ദൈവം സർവ്വ സൃഷ്ടികൾക്കും അതീതനാണ്. അതിനാൽ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഭാഷയിൽ പരിമിതവും ഭാവനാബദ്ധവും അപൂർണ്ണവുമായ എല്ലാറ്റിനേയും നാം ശുദ്ധീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നമ്മുടെ മാനുഷികാവതരണങ്ങളെ അവർണ്ണനീയനും അഗ്രാഹ്യനും അദൃശ്യനും ബുദ്ധിക്കതീതനുമായ ദൈവവുമായി കൂട്ടിക്കുഴക്കാൻ ഇടയുണ്ട്” എന്ന് ഇതുമായി ബന്ധപ്പെട്ട് നാല്പത്തിരണ്ടാം ഖണ്ഡികയിൽ പറയുന്നു.
നാല്പത്തിനാലാം ഖണ്ഡിക മുതൽ നാല്പത്തിയൊമ്പതാം ഖണ്ഡികവരെ അതുവരെ പഠിപ്പിച്ചതിൻ്റെ സംഗ്രഹമാണ്. അറിഞ്ഞ കാര്യങ്ങളെക്കുറിച്ച് കുറച്ചുകൂടി വ്യക്തത ഇതുവഴി ലഭിക്കുന്നുണ്ട്.
CCC 26 മുതൽ 49 വരെയുള്ള ഖണ്ഡികകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ചുവടെ നൽകുന്ന ലിങ്ക് കാണുക.
https://youtu.be/uMdFFSIpI3k
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Next Post