ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സൗത്ത് ഈസ്റ്റ് സുലാവെസി പ്രോവിന്സിലെ വെള്ളപ്പൊക്കത്തില്‍ ദുരിതത്തില്‍ പെട്ട ആയിരങ്ങളെ സഹായിക്കാനായി കത്തോലിക്കര്‍ ഒറ്റക്കെട്ടായി രംഗത്ത്. ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെളളപ്പൊക്കമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
160 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. 22,500 ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അനേകര്‍ അഭയാര്ത്ഥിക്യാമ്പുകളില് അഭയം തേടിയിരിക്കുന്നു. ഹെലികോപ്റ്റര്‍ വഴിയും വലിയ ട്രക്ക് വഴിയുമാണ് സഹായവിതരണം. വെള്ളപ്പൊക്കം 5,968 വീടുകളെയും 95 സ്കൂള്‍ കെട്ടിടങ്ങളെയും നാശനഷ്ടത്തിലാക്കിയിട്ടുണ്ട്.
വിവിധ സന്നദ്ധ സംഘടനകളെയും ദുരിതാശ്വാസപ്രവര്‍ത്തകരെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കത്തോലിക്കാ യുവജനസംഘടനകളാണ്. സര്‍ക്കാരിന് എത്തിച്ചേരാന്‍ കഴിയാത്ത വിദൂരങ്ങളിലുള്ള ക്യാമ്പുകളിലേക്ക് കത്തോലിക്കാ യുവജനങ്ങള്‍ ഒറ്റക്കെട്ടായി സഹായസന്നദ്ധതയോടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.