റാഞ്ചി: ജയിലില്‍ വച്ച് എന്നെ ഇഞ്ചിഞ്ചായി കൊല്ലാനായിരുന്നു അവരുടെ ശ്രമം.ഞാന്‍ മരിച്ചുപോകുമായിരുന്നു. പക്ഷേ ദൈവത്തിന്റെ സംരക്ഷണം എനിക്ക് ലഭിച്ചു. പത്തു ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ചു പുറത്തുവന്ന ഫാ. വി ജെ ബിനോയി മാധ്യമങ്ങളോട് പറഞ്ഞു.
സെപ്തംബര്‍ ആറിന് മതപരിവര്‍ത്തനം എന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട 35 കാരനായ ഫാ ബിനോയി തൊടുപുഴ വെട്ടിമറ്റം സ്വദേശിയാണ്. പത്തുദിവസങ്ങള്‍ക്ക് ശേഷം പതിനേഴാം തീയതിയാണ് ജാമ്യം ലഭിച്ചത്.
പേസ്മേക്കറുമായി ജീവിക്കുന്ന വ്യക്തിയാണ് ഫാ. ബിനോയ്. ജയിലില്‍ വച്ച് കനത്ത പനിയും നെഞ്ചുവേദനയും ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നുവെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. ഞാന്‍ കേണപേക്ഷിച്ചു. പക്ഷേ അവരെന്റെ അപേക്ഷ ചെവിക്കൊണ്ടില്ല. ഒടുവില്‍ ജയില്‍ സൂപ്രണ്ട് വന്നതാണ് എനിക്ക് രക്ഷയായത്.
ജാര്‍ഖണ്ഡിലെ സാഹെബ്ഗാന്ജി ജില്ലയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം കേരളത്തിലേക്ക് തിരിക്കാനാണ് പ്ലാന്‍. അച്ചന്റെ കേരളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഭഗല്‍പ്പൂര്‍ ബിഷപ് കുര്യന് വലിയകണ്ടത്തില്‍ ഉറപ്പുനല്‍കി. തനിക്ക് എതിരെയുളള കുറ്റം കെട്ടിച്ചമച്ചതാണെന്നും അച്ചന് വ്യക്തമാക്കി.