കൊച്ചി: നാര്‍ക്കോട്ടിക്, ലൗ ജിഹാദുകളില്‍ ജാഗ്രത വേണമെന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ അപലപനീയമാണെന്നും ഇതു കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്കുന്നതാണെന്നും കത്തോലിക്കാ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കത്തോലിക്കാസമുദായത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അനുവദിക്കുകയില്ല. നിരവധി ഇരകളും തെളിവുകളും ഉണ്ടായിട്ടും നാര്‍ക്കോട്ടിക്, ലവ് ജിഹാദുകള്‍ ഇല്ലായെന്ന് സ്ഥാപിക്കാനുളള ചില പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും അജണ്ടകള്‍ പൊതുസമൂഹം തിരിച്ചറിയുന്നു. യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കപ്പെടണം.
ബിഷപ് മാര്‍ കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സമുദായ വിഭാഗങ്ങളുടെയും സമീപനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അവരോട് നന്ദിയര്‍പ്പിക്കുന്നുവെന്നും കത്തോലിക്കാ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അറിയിച്ചു.