വാഷിംങ്ടണ്‍: കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ സംഘടിതമായ കുറ്റകൃത്യങ്ങള്‍ പെരുകുന്നു. അമേരിക്കയിലെ വിവിധസ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമായി പലതരത്തിലുള്ള ആക്രമണങ്ങള്‍ അരങ്ങേറിയത്.
സക്രാരി മോഷ്ടിക്കുക,വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്തുക, ദേവാലയങ്ങളില്‍ ക്രൈസ്തവവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിവയ്ക്കുക എന്നിവയ്ക്ക് പുറമെ പ്രഗ്നന്‍സി ക്ലിനിക്കുകള്‍ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നു. ടെക്‌സാസിലെ കാറ്റി കാത്തലിക് ദേവാലയത്തിലെ സ്‌ക്രാരിയാണ് മെയ് 9 ന് മോഷ്ടിക്കപ്പെട്ടത്.
പ്രോ അബോര്‍ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇതാരാണ് ചെയ്തതെന്ന് അറിയില്ല. പോലീസ് അന്വേഷണം നടത്തിവരുന്നു. സെന്റ് ബര്‍ത്തലോമിയോ ദ അപ്പോസ്തല്‍ കത്തോലിക്കാ ദേവാലയ വികാരി ഫാ.ക്രിസ്റ്റഫര്‍ പറയുന്നു.
ഫോര്‍ട്ട് കോളിന്‍സിലെ സെന്റ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളാണ് ദേവാലയചുമരുകളില്‍ പ്രത്യക്ഷപ്പെട്ടത്. വെര്‍ജിനിയായിലെ പ്രഗ്നന്‍സി റിസോഴ്‌സ് സെന്ററും ആക്രമണത്തിന് വിധേയമായി.അബോര്‍ഷന്‍ അവകാശമാണ് എന്ന ചുവരെഴുത്താണ് കെട്ടിടത്തില്‍ പ്രത്യക്ഷപ്പെട്ടത്.
സിയാറ്റിലിലെ സെന്റ് ജെയിംസ് കത്തീഡ്രലിലേക്ക് കടക്കാന്‍ ശ്രമിച്ച അബോര്‍ഷന്‍ അനുകൂലികളെ തടഞ്ഞ സെക്യൂരിറ്റി ഗാര്‍ഡിനെ സംഘം പിടിച്ചുതള്ളുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രോ അബോര്‍ഷന്‍ ഗ്രൂപ്പുകള്‍ പലയിടങ്ങളിലും ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തിയിട്ടുണ്ട്.
ദേവാലയങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ പ്രസിഡന്റ് ബൈഡന്‍ അപലപിച്ചു.