കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഇന്ന് 75 ാം പിറന്നാള്‍


കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി. പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്ക് ഇന്ന് 75 ാം പിറന്നാള്‍.

ചങ്ങനാശേരി തുരുത്തിയിലെ ആലഞ്ചേരി ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 ന് ജനിച്ചു. 1972 ഡിസംബര്‍ 18 ന് അഭിവന്ദ്യ ആന്റണി പടിയറ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. പാരീസിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതല്‍ ആറ് വര്‍ഷക്കാലം കെ.സി.ബി.സി.യുടെ ആസ്ഥാനകേന്ദ്രമായ പി.ഒ.സി.യുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തു.


1996 ല്‍ തക്കല കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ അന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായിരുന്ന ജോര്‍ജ് ആലഞ്ചേരിയച്ചന്‍ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി 2-ാം തീയ്യതി അഭിവന്ദ്യ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നും മെത്രാന്‍പട്ടം സ്വീകരിച്ച അദ്ദേഹത്തിന്റെ സ്ഥാനാരോഹണകര്‍മ്മം നടത്തിയത് അപ്പ. അഡ്മിനിസ്‌ട്രേറ്റര്‍ അഭിവന്ദ്യ വര്‍ക്കി വിതയത്തില്‍ പിതാവാണ്.

കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തശേഷം സമ്മേളിച്ച സീറോമലബാര്‍ മെത്രാന്‍ സിനഡ് അന്ന് തക്കല രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കുകയും 2011 മെയ് 29 ന് സ്ഥാനാരോഹണം നടത്തുകയും ചെയ്തു. ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ 2012 ഫെബ്രുവരി 18 ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വച്ച് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി.

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന കര്‍ദിനാള്‍മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ക്ക് മരിയന്‍ പത്രത്തിന്റെ പ്രാര്‍ത്ഥനകളും പിറന്നാള്‍ മംഗളങ്ങളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.