വത്തിക്കാന്‍ സിറ്റി: സഭയുടെ ഏറ്റവും വലുതും ദൈവികവുമായ ദൗത്യം എന്നത് ക്രിസ്തുവിനെ നല്കുക എന്നതാണെന്നും അതാണ് നമ്മുടെ പ്രത്യാശയെന്നും കര്‍ദിനാള്‍ റോബര്‍ട്ട് സാറ.
ഇന്ന് എല്ലായിടവും ഇരുട്ടാണ്, വൈഷമ്യമേറിയതുമാണ്. എന്നാല്‍ എവിടെയെല്ലാം ബുദ്ധിമുട്ടുകളിലൂടെ നാം കടന്നുപോകുന്നുവോ അവിടെയെല്ലാം നമ്മുടെ രക്ഷയ്ക്കുവേണ്ടി ഒരാള്‍ കടന്നുവരും. ദൈവപുത്രനായ ക്രിസ്തുവിന്റെ ഉത്ഥാനമാണ് ഇരുളിലും നമുക്ക് പ്രത്യാശ നല്കുന്നത്.
ലോകം ആശങ്കകളില്‍ പെട്ട് ആടിയുലയുമ്പോള്‍ നമ്മുടെ സാഹചര്യങ്ങളെ ഒരുക്കുന്നതിനായി ദൈവം നമുക്ക് ബലവാന്മാരായ പാപ്പാമാരെ ഓരോരോ അവസരങ്ങളില്‍ നല്കി. പ്രത്യേകമായ സിദ്ധിയുണ്ടായിരുന്നവരായിരുന്നു അവരെല്ലാം. പോള്‍ ആറാമന്‍ ഉദാഹരണം. ജീവനും സ്‌നേഹത്തിനുമെതിരെ പ്രതിരോധങ്ങളുയര്‍ന്നപ്പോള്‍ ഹ്യൂമാനെ വീത്തേ പോലെയുള്ള ചാക്രികലേഖനങ്ങളിലൂടെ അദ്ദേഹം ശക്തമായ നിലപാടുകളെടുത്തു. ജീവിക്കുന്ന സുവിശേഷമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. ഇന്നാവട്ടെ ദൈവം നമുക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ നല്കി,
ക്രിസ്തീയ മാനുഷികതയെ രക്ഷിക്കാന്‍. ദൈവം ഒരിക്കലും തന്റെ സഭയെ ഉപേക്ഷിക്കുകയില്ല. യഥാര്‍ത്ഥ നവീകരണം നമ്മുടെ തന്നെ മാനസാന്തരത്തില്‍ നിന്നാണ് ഉണ്ടാവേണ്ടത്. നാം നമ്മെത്തന്നെ മാറ്റുന്നില്ലെങ്കില്‍ എല്ലാ സംഘടിത രൂപങ്ങളും പ്രയോജനരഹിതമാണ്, അല്മായര്‍, വൈദികര്‍, കര്‍ദിനാള്‍.എല്ലാവരും ദൈവത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു. കര്‍ദിനാള്‍ സാറ ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡിവൈന്‍ വര്‍ഷിപ്പിന്റെ പ്രിഫെക്ടാണ് കര്‍ദിനാള്‍ സാറ. ഒരു മാധ്യമത്തിന് നല്കിയ നീണ്ട അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.