കര്‍ദിനാള്‍ ഗ്രേഷ്യസിനെതിരെ കൂടുതല്‍ നിയമ നടപടികള്‍ വേണ്ടെന്ന് കോടതി

മുംബൈ: മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിനെതിരെ നിയമപരമായ കൂടുതല്‍ നടപടികള്‍ക്ക് മുതിരരുതെന്ന് പോലീസിന് കോടതിയുടെ താക്കീത്. കര്‍ദിനാള്‍ ഗ്രേഷ്യസിനും രണ്ട് സഹായമെത്രാന്മാര്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കേസിലാണ് കോടതിയുടെ ഇടപെടല്‍.

ബാലലൈംഗികപീഡനം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവച്ചു എന്നതിന്റെ പേരിലാണ് കര്‍ദിനാള്‍ക്കും സഹായമെത്രാന്മാര്‍ക്കും എതിരെ കേസ് ചുമത്തിയിരിക്കുന്നത്. കര്‍ദിനാളിനെ ഇക്കാര്യം അറിയിച്ചുവെങ്കിലും അദ്ദേഹം കൂടുതല്‍ നടപടികള്‍ക്ക് മുതിര്‍ന്നില്ല എന്നാണ് മാതാപിതാക്കളുടെ പരാതി.

പക്ഷേ മാതാപിതാക്കള്‍ കര്‍ദിനാളിനെ കാണാനെത്തുമ്പോള്‍ അദ്ദേഹം റോമിലേക്ക് പുറപ്പെടാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. എങ്കിലും റോമിലെത്തിയ ഉടന്‍ തന്നെ അദ്ദേഹം സഹായമെത്രാനെ വിളിച്ച് അധികാരികളെ വിവരം അറിയിക്കാന്‍ ചട്ടം കെട്ടിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇക്കാര്യം നേരത്തെതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. മാത്രവുമല്ല മറ്റൊരു സഹായമെത്രാന്‍ ആ സമയത്ത് അവിടെയുണ്ടായിരുന്നുമില്ല.

ഈ വര്‍ഷമാണ് കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ദിനാള്‍ ഗ്രേഷ്യസിനും സഹായമെത്രാന്മാര്‍ക്കും എതിരെ കേസ് മറച്ചുവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. 2015 ല്‍ ആണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. കുറ്റാരോപിതനായ വൈദികനെ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രൂപതയുടെ ഭാഗത്തു നിന്ന് കുട്ടിയക്കും മാതാപിതാക്കള്‍ക്കും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതൊന്നും വേണ്ടെന്ന നിലപാടായിരുന്നു കുടുംബത്തിന്റേതെന്ന് രൂപതാവക്താക്കള്‍ അറിയിച്ചു. ബിബിസിയുടെ റിപ്പോര്‍ട്ടാണ് ഈ സംഭവത്തെ വിവാദമാക്കിയത്.

കര്‍ദിനാള്‍ക്കും സഹായമെത്രാന്മാര്‍ക്കും നീതികിട്ടണം. ഇരയ്ക്കും നീതികിട്ടണം. രുപതാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.