സീറോ മലബാര്‍ സഭയുടെ നേതൃത്വ ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നു

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റെടുത്തിട്ട് ഇന്ന് പത്തുവര്‍ഷം പൂര്‍ത്തിയാകുന്നു. ഇതോട് അനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ അദ്ദേഹം ഇന്ന് രാവിലെ ദിവ്യബലി അര്‍പ്പിക്കും. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കൂരിയായിലെ വൈദികരും സന്യസ്തരും വിവിധ ശുശ്രൂഷകള്‍ ചെയ്യുന്നവരും അദ്ദേഹത്തോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കും.
കര്‍ദിനാള്‍ മാര്‍ വര്‍ക്കിവിതയത്തിലിന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടത്. 2011 മേയ് 29 നായിരുന്നു സഭയുടെ മൂന്നാമത്തെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റെടുത്തത്. 35 രൂപതകളിലും അതിനു പുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അമ്പതു ലക്ഷത്തോളം സീറോ മലബാര്‍ കത്തോലിക്കരുടെ ആത്മീയപിതാവാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ്, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങള്‍ക്ക് പുറമെ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബംഗളൂരൂ ധര്‍മ്മരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാന്‍സലറുമാണ്. ഷംഷാബാദ്, ഹോസൂര്‍, ഫരീദാബാദ്, മെല്‍ബണ്‍, മിസിസാഗ, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ രൂപതകളുടെ സ്ഥാപനവും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ നിയമനവും മാര്‍ ആലഞ്ചേരിയുടെ നേതൃത്വകാലത്തെ പ്രധാന നേട്ടങ്ങളാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.