ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യൻ. ദൃശ്യമായ സകല സൃഷ്ടികളുടെയും ഇടയിൽ തൻറെ സ്രഷ്ടാവിനെ അറിയുവാനും സ്നേഹിക്കുവാനും കഴിവുള്ളവൻ മനുഷ്യൻ മാത്രമാണ് (CCC 356). ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യൻ ഇവയൊക്കെ മനുഷ്യ മാഹാത്മ്യത്തിന് ചില പ്രധാന തെളിവുകളാണ്. മറ്റൊരു സൃഷ്ടിക്കും നൽകാൻ കഴിയാത്ത വിധത്തിലുള്ള വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രത്യുത്തരം നൽകാൻ മനുഷ്യൻ കടപ്പെട്ടിരിക്കുന്നു എന്നത് (357) ഇതിനോട് ചേർന്ന് മനസ്സിലാക്കേണ്ടതാണ്.
ആദം എന്ന വ്യക്തിയിൽ നിന്ന് മനുഷ്യവർഗ്ഗം മുഴുവൻ രൂപപ്പെട്ടതിനാൽ മനുഷ്യവർഗ്ഗം മുഴുവൻ തമ്മിൽ ഒരു ബന്ധമുണ്ട് എന്ന് ഖണ്ഡിക 360 -ൽ പഠിപ്പിക്കുന്നു. മതവിശ്വാസത്തിൻ്റെയും തീവ്രവാദത്തിൻ്റെയും ഒക്കെ പേരിൽ വെറുപ്പും ഭിന്നതയും ഒക്കെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സത്യങ്ങളൊക്കെ കത്തോലിക്കർക്ക് ശരിക്കും ബോധ്യപ്പെട്ടിരിക്കണം. CCC 361-ൽ ഇപ്രകാരം പറയുന്നു “മനുഷ്യരുടെ പരസ്പരാഭിമുഖ്യത്തിൻറെയും പരസ്പര സ്നേഹത്തിൻറെയും ഈ നിയമം സർവ്വമനുഷ്യരും യഥാർത്ഥത്തിൽ സഹോദരങ്ങൾ ആണ് എന്ന് ഉറപ്പു നൽകുന്നു”. ഇതുകൂടി കൂട്ടിച്ചേർക്കുന്നുമുണ്ട് ” അതേസമയം വ്യക്തികൾ, സംസ്കാരങ്ങൾ, ജനപദങ്ങൾ എന്നിവയുടെ വൈവിധ്യത്തെ ഈ നിയമം പുറംതള്ളുന്നില്ല”.
CCC 371 മുതൽ സ്ത്രീയും പുരുഷനും ആയി മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ചും വ്യക്തികളെന്ന നിലയിൽ അവർക്കുള്ള തുല്യതയെ കുറിച്ചും ഒക്കെയുള്ള പ്രബോധനങ്ങളാണ്. സ്ത്രീയും പുരുഷനും ദമ്പതികൾ എന്ന നിലയിലും മാതാപിതാക്കൾ എന്ന നിലയിലും സൃഷ്ടാവിൻ്റെ ജോലിയിൽ വളരെ പ്രത്യേകമാം വിധം സഹകരിക്കുന്നവർ ആണെന്ന് CCC 373-ൽ പഠിപ്പിക്കുന്നു.
CCC 374 മുതലുള്ള ഏതാനും ഖണ്ഡികകൾ വളരെ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടതാണ്. ഒരുപക്ഷേ മനുഷ്യൻ്റെ സൃഷ്ടിയിലെ അവസ്ഥയെക്കുറിച്ച് അനേകർക്കും ഉള്ള തെറ്റിദ്ധാരണ മാറിപ്പോകുന്ന പ്രബോധനങ്ങൾ ആണിവ. മനുഷ്യൻ സൃഷ്ടിക്കപ്പെട്ട അവസ്ഥയിൽ പരിപൂർണ്ണനായിരുന്നില്ല പരിപൂർണ്ണാവസ്ഥയിലേക്ക് വളരേണ്ട രീതിയിലാണ് സൃഷ്ടിക്കപ്പെട്ടത് എന്നുള്ള പ്രബോധനങ്ങൾ അറിഞ്ഞിരിക്കേണ്ടതു തന്നെ. എന്നാൽ ക്രിസ്തുവിൽ കൂടി ലഭിക്കാനിരിക്കുന്ന ഉന്നതമായ അവസ്ഥയുടെ അത്രയും ഇല്ലെങ്കിലും ഒരു തരം പൂർണ്ണത അവർക്കുണ്ടായിരുന്നു താനും (CCC 374).
കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/Kp088zLveJ8