നൈജീരിയ: അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ ഫാ.വാലന്റൈന്‍ മോചിതനായി. ഡിസംബര്‍ 15 ന് രാവിലെ എട്ടുമണിയോടെയാണ് ഇദ്ദേഹത്തെ നാലുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം തന്നെ അക്രമികള്‍ അദ്ദേഹത്തെ മോചിപ്പിച്ചുവെന്നാണ് ഫാ. വാലന്റൈന്‍ അംഗമായ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സണ്‍സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്‌സി സെക്രട്ടറി ജനറല്‍ ഫാ. അജാക്രോ അറിയിച്ചിരിക്കുന്നത്.
പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വൈദികനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഫാ. വാലന്റൈനെ മോചിതനാക്കിയതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും കുറ്റവാളികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. അജാക്രോ അറിയിച്ചു. മോചിപ്പിച്ചത് എങ്ങനെയെന്ന കാര്യത്തെക്കുറിച്ച് വാര്‍ത്തയില്‍ പരാമര്‍ശമില്ല.
ബോക്കോ ഹാരം വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോകുന്നതും മോചനദ്രവ്യം ആവശ്യപ്പെടുന്നതും നൈജീരിയായില്‍ സാധാരണ സംഭവമായിക്കഴിഞ്ഞിരിക്കുന്നു.