കുടുംബത്തില്‍ അനുഗ്രഹം വേണോ, ആരെയും നിന്ദിക്കരുത്‌ : ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ഒരുദിവസം ഞാന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ വഴിയില്‍ ഒരു ചെറുപ്പക്കാരന്‍ നില്ക്കുന്നത് കണ്ടു. ന്യൂജന്‍ ലുക്കിലുള്ള ഒരു ചെറുപ്പക്കാരന്‍. മുടി മുളളന്‍പ്പന്നിയുടെ മാതിരി മുകളിലേക്ക് നീട്ടിവളര്‍ത്തിയ ഒരു പയ്യന്‍. അവനെ കണ്ടപ്പോള്‍ എനിക്കെന്തോ ഒരു തമാശ് പറയാന്‍ തോന്നി.

മോശം വാക്കൊന്നും അല്ല പറഞ്ഞത്. പക്ഷേ അതൊരു കളിയാക്കല്‍ വാക്കു തന്നെയായിരുന്നു. ഇതുകേട്ട് എന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ചിരിക്കുകയും ചെയ്തു. പറഞ്ഞുകഴിഞ്ഞപ്പോള്‍ പറയേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി. പള്ളിയിലെത്തി വിശുദ്ധ കുര്‍ബാനയ്‌ക്കൊരുങ്ങുമ്പോള്‍ അന്നത്തെ വചനഭാഗമെടുത്തപ്പോള്‍ എനിക്ക് കിട്ടിയത് ഈ ചെറിയവരില്‍ ഒരുവനെയും നിന്ദിക്കാതിരിക്കാന്‍ നിങ്ങള്‍ സൂക്ഷിച്ചുകൊളളുവിന്‍ എന്നായിരുന്നു.

ഈ ലേഖനഭാഗം എനിക്ക് വലിയൊരു തിരിച്ചറിവായിരുന്നു. മറ്റൊരു സന്ദര്‍ഭത്തിലായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്ക് ആ വചനഭാഗം അത്രത്തോളം സ്പര്‍ശിക്കുമായിരുന്നില്ല. പക്ഷേ കുറച്ചുമുമ്പ് ഞാന്‍ ആ ചെറുപ്പക്കാരനെ കളിയാക്കി.,പരിഹസിച്ചു. മറ്റുള്ളവരെ കളിയാക്കുന്നത് നിസ്സാരമായിട്ട് നമുക്ക് തോന്നാം.പക്ഷേ ദൈവവചനപ്രകാരം അത് നിസ്സാരമല്ല. വചനം കിട്ടിക്കഴിയുമ്പോഴാണ് നമുക്ക് ചിലകാര്യങ്ങള്‍ മനസ്സിലാവുന്നത്.

കഴിഞ്ഞദിവസം ഒരു സംഭവമുണ്ടായി. തിരുവചനവായനയ്ക്കിടയില്‍ എനിക്ക് കിട്ടിയ ഭാഗം ഇതായിരുന്നു തിമോത്തിയുടെ ലേഖനം. നിന്നെക്കാള്‍ പ്രായമുള്ളവരെ വഴക്ക് പറയരുത്. 5 ാം അധ്യായം ഒന്നാം വാക്യമാണ് അത്. ഈ ഭാഗത്തെത്തിയപ്പോള്‍ ഞാന്‍ വായന അവസാനിപ്പിച്ചു. എനിക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഞാന്‍ ബൈബിള്‍മടക്കിവച്ചിട്ട് കുറെ നേരം കരഞ്ഞു.

ഞാന്‍ എന്നെക്കാള്‍ പ്രായമുള്ളവരെ വഴക്കുപറഞ്ഞിട്ടുണ്ട്. ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഉടനെ എന്റെ കണ്‍മുമ്പിലുള്ളപ്രായമുള്ളവരെയെല്ലാം വിളിച്ചുകൂട്ടി മാപ്പ് പറഞ്ഞു, ഞാന്‍ നിങ്ങളെയെല്ലാം വഴക്കുപറഞ്ഞിട്ടുണ്ട്. എന്നോട് ക്ഷമിക്കണം. ഞാനി്‌പ്പോഴാണ് ഈ വചനഭാഗം ശ്രദ്ധിക്കുന്നത്.

ഇതുകേട്ട അവരും കരഞ്ഞു. സൗമ്യതയോടെ അവരെ തിരുത്തുകയാണ് ചെയ്യേണ്ടതെന്നാണ് വചനം ഓര്‍മ്മിപ്പിക്കുന്നത്. നിന്നെക്കാള്‍ പ്രായമുളളവരെ ശകാരിക്കരുത്. ഇത് നാം മനസ്സിലാക്കിക്കഴിഞ്ഞാല്‍ നാം നമ്മെക്കാള്‍ മുതിര്‍ന്നവരെ ശകാരിക്കരുത്. വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ ഒരുപക്ഷേ വീട്ടമ്മയെക്കാള്‍ പ്രായക്കൂടുതലുള്ള വ്യക്തിയാവാം. അവരെ ശാസിക്കരുത്.

മറിച്ച് സ്‌നേഹപൂര്‍വ്വം തിരുത്താം. ഉപദേശിക്കാം.പക്ഷേ പ്രായം കുറവുള്ളവരെ ശകാരിക്കുന്നതില്‍ തെറ്റില്ല. കുടുംബത്തില്‍ അനുഗ്രഹം വരണമെങ്കില്‍ നാം ആരെയും നിന്ദിക്കരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.