ആലപ്പുഴ: കാലം ചെയ്ത ആലപ്പുഴ മുന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ കബറടക്കം ഇന്ന് രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ നടക്കും. രാവിലെ ഒമ്പതിന് നഗരികാണിക്കല്‍. ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള ദര്‍ശനസമൂഹം പ്രാര്‍ത്ഥനയുമായി നഗരികാണിക്കല്‍ ചടങ്ങില്‍ പങ്കുചേരും.
വിലാപയാത്രയ്ക്ക് ശേഷം കത്തീഡ്രലില്‍ വിശുദ്ധ ബലിയും അന്ത്യകര്‍മ്മങ്ങളും ആരംഭിക്കും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മ്മികനായിരിക്കും. തിരുവനന്തപുരം അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച ബിഷപ് ഡോ. സൂസപാക്യം വചനപ്രഘോഷണം നടത്തും.
ഉച്ചയ്ക്ക് ഒന്നിന് ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ രാഷ്ട്രീയ നേതാക്കള്‍, മതസാമൂഹിക സാംസ്കാരിക മേഖലകളിലെ വിശിഷ്ടവ്യക്തികള്‍, മെത്രാന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.