അദിലാബാദ്: അദിലാബാദ് രൂപതയുടെ ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അടുത്തയിടെ വാര്‍ത്തകളില്‍ ഇടം നേടിയത് തന്റെ നാട്ടുകാരനായ ഒരാള്‍ക്ക് അഗ്നിബാധയില്‍ വീട് നഷ്ടമായപ്പോള്‍ അയാള്‍ക്ക് വേണ്ടി വീട് പണിയാന്‍ മുന്നിട്ടിറങ്ങിയതോടെയാണ്. കല്ലും മണ്ണും ചുമക്കാനും മേല്‍ക്കൂര പണിയാനുമെല്ലാം ബിഷപ് പ്രിന്‍സ് ഉണ്ടായിരുന്നു. ഏതാനുംവൈദികരും അദ്ദേഹത്തിനൊപ്പം വീടു പണിയിലേര്‍പ്പെട്ടിരുന്നു.
ഇപ്പോഴിതാ അദിലാബാദ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന് മുമ്പില്‍ അദ്ദേഹം സ്വന്തം അദ്ധ്വാനത്താല്‍ ഒരു ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നു. ഗ്രോട്ടോയ്ക്കുവേണ്ട കല്ലുകള്‍ ചുമന്നതും കുമ്മായം കൂട്ടിയതും കല്ലുറപ്പിച്ചതുമെല്ലാം അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് നിര്‍മ്മാണം ആരംഭിച്ചത്.
സെപ്തംബര്‍ എട്ടിന് മാതാവിന്റെ പിറവിത്തിരുനാള്‍ ദിനത്തില്‍ അദിലാബാദ് രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ജോസഫ് കുന്നോത്ത് ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് നിര്‍വഹിച്ചു. ഗ്രോട്ടോയുടെ ഭാഗമായി ഒരു ജലാശയവും നിര്‍മ്മിച്ചിട്ടുണ്ട്.