പ്രസ്റ്റണ്‍: എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണെന്നും ദൈവം നമുക്ക് മുന്നേ പോകുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ജോസഫ് സ്രാമ്പിക്കല്‍.
വചനമാണ് സത്യം. പൂര്‍ണ്ണമായും ലോകത്തിന്റേതില്‍ നിന്ന് വേര്‍തിരിക്കപ്പെടുമ്പോഴാണ് ഒരു വ്യക്തി വിശുദ്ധീകരിക്കപ്പെടുന്നത്. ഈശോ എങ്ങനെയാണ് തന്നെതന്നെ വിശുദ്ധീകരിക്കുന്നത്? കുരിശില്‍ മരിച്ചുകൊണ്ടാണ് ഈശോ തന്നെ തന്നെ വിശുദ്ധീകരിച്ചത്.
ഈശോയ്ക്ക് തന്നെതന്നെ വിശുദ്ധീകരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയാണ് ഈശോ സ്വയം വിശുദ്ധീകരിച്ചത്. എല്ലാവരുടെയും പാപങ്ങള്‍ക്കുവേണ്ടിയുള്ള പരിഹാരം ഈശോ ചെയ്തു. മിശിഹാ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും ഉയിര്‍ത്തെണീല്ക്കുകയും ചെയ്തു. പാപമോചനമുളളിടത്ത് പാപപരിഹാരമില്ല.
വചനമാണ് സത്യം. ശ്ലീഹന്മാരുടെ വചനശുശ്രൂഷയിലൂടെ, ഈശോയുടെ മഹത്വപൂര്‍ണ്ണമായ രണ്ടാം വരവ് എന്നുണ്ടാകുമോ അതുവരെയുള്ള എല്ലാവര്‍ക്കും വേണ്ടിയാണ്, നാം എല്ലാവര്‍ക്കും വേണ്ടിയാണ് ഈശോ ബലിയായിത്തീര്‍ന്നത്. നമുക്ക് അതിന്റെ പേരില്‍ നന്ദിയുണ്ടാവണം. പിതാവും പുത്രനും എന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ആ ബന്ധത്തിലേക്ക് പ്രവേശിപ്പിക്കാന്‍ വേണ്ടിയാണ് ഈശോ ഇതെല്ലാം ചെയ്തത്.
ഈശോ തന്നെതന്നെ ശൂന്യനാക്കി. ബലിയായി. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഈശോയ്ക്ക് നന്ദിപറയാനായി, ഈശോയെ സ്തുതിക്കുവാനായിട്ട് നാം തയ്യാറാകണം. മഹത്വപ്പെടുത്താനായിട്ട് സാധിക്കണം. ഈശോയുടെ ശുശ്രൂഷ നമ്മിലൂടെയാണ് തുടരുന്നത്. ഈ ശുശ്രൂഷ തുടരാന്‍ വിശുദ്ധീകരണം ആവശ്യമാണ്. നമ്മെതന്നെ വിശുദ്ധീകരിക്കണം. നമ്മെതന്നെ വിശുദ്ധീകരിക്കുന്നത് വചനശ്രവണത്തോടെയാണ്. കൂദാശകള്‍ സ്വീകരിച്ചും പ്രാര്‍ത്ഥിച്ചും പാപത്തിന് പരിഹാരം ചെയ്തുകൊണ്ടുമാണ്.
ഈശോയെ പോലെ പൂര്‍ണ്ണമായും പിതാവിന് സമര്‍പ്പിച്ചുകൊണ്ടാണ്, സഹോദരങ്ങളെ സ്‌നേഹിച്ചും സഹായിച്ചും കൊണ്ടുമാണ്. ഇങ്ങനെയാണ് നാം നമ്മെതന്നെ വിശുദ്ധീകരിക്കേണ്ടത്. വചനത്തിലൂടെയും റൂഹായിലൂടെയുമാണ് നാം വിശുദ്ധീകരിക്കപ്പെടുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും നാം അക്കാര്യം പ്രാര്‍ത്ഥിക്കുന്നുമുണ്ട്.ഈശോയും പിതാവും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നുവോ അതുപോലെയൊരു ബന്ധത്തിലേക്ക് വളരാന്‍ നമുക്ക് കഴിയട്ടെ. ഈശോ പിതാവിനെ വിളിച്ചതുപോലെ ആബാ എന്ന് വിളിക്കാന്‍ നമുക്ക് കഴിയട്ടെ.
ദൈവം എല്ലാവരുടെയും പിതാവാണ്, സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാണല്ലോ നാം പ്രാര്‍ത്ഥിക്കുന്നത്. ഈശോയുടെ ആഗ്രഹം പിതാവിന്റെ ആഗ്രഹമാണ്. ഒന്നായിത്തീരണം എന്നതാണ് ഈശോയുടെ ആഗ്രഹം. പുത്രന് നല്കിയ മഹത്വം തന്നെ പുത്രനെ സ്‌നേഹിക്കുന്നവര്‍ക്കും ലഭിക്കും. ഇങ്ങനെയൊരു മഹത്വത്തിലേക്ക് പ്രവേശിക്കാന്‍ നമുക്ക് കഴിയട്ടെ. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.