അപരനോടുള്ള സ്‌നേഹവും കരുതലും കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള സമയമാണ് നോമ്പുകാലം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

അപരനോടുള്ള സ്‌നേഹവും കരുതലും കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള സമയമാണ് നോമ്പുകാലമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. നോമ്പുകാല സന്ദേശം വ്യക്തമാക്കുന്ന ഒരു ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നോമ്പും പ്രാര്‍ത്ഥനയും ഉപവാസവും ഒരുമിച്ചു ചേരുമ്പോഴാണ് നോമ്പാചരണത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. തപസിലൂടെ ദൈവോന്മുഖനാകുന്ന മനുഷ്യന്‍ പരോന്മുഖനുമായിത്തീരണമെന്നുള്ളതാണ് സുവിശേഷ ദര്‍ശനം. രൂപാന്തരീകരണത്തിന്റെ മരുഭൂമികളെ നമ്മുടെ ജീവിതപരിസരങ്ങളില്‍ ചിട്ടപ്പെടുത്തേണ്ടത് നോമ്പാചരണത്തിന്റെ അനിവാര്യതയാണ്.

മരുഭൂമിയെന്നത് ആത്മീയസാധനയുടെ സുകൃതഭൂമികയാണ്. മിശിഹായുടെ ഉപവാസരാപ്പകലുകള്‍ ആഴമായ അതിജീവനത്തിന്റെയും ആത്മാഭിഷേകത്തിന്റെയും സമയമായിരുന്നു. മനുഷ്യജീവിതത്തിന്റെ ആന്തരികസ്വത്വത്തിലേക്ക് ഒരാള്‍ മടങ്ങിവരണമെങ്കില്‍ ബാഹ്യമോടികളുംആര്‍ഭാടങ്ങളും വിട്ടുമാറണം. ലോകത്തിന്റെ വ്യഗ്രതകളോടും സ്വാര്‍ത്ഥമനോഭാവങ്ങളോടും വിടപറഞ്ഞ് ചിത്തശുദ്ധിയിലേക്ക് പ്രവേശിക്കണം.

എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നതെന്ന ക്രിസ്തുമൊഴികള്‍ നമുക്ക് ഹൃദയത്തില്‍ കുറിച്ചിടാം. മാര്‍ പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.