കോട്ടയം: ജലന്തര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റാരോപിതനായ കേസില്‍ വിധി പ്രഖ്യാപനം 14 ന് നടക്കും.
ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുന്നത്. മിഷനറീസ് ഓഫ് ജീസസ് സന്യാസസഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്കിയ പരാതിയിലാണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്. 2018 ജൂണില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങിയത്.
പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒന്നര വര്‍ഷം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതി വിധി പറയാനായി 14 ലേക്ക് മാറ്റിയത്. 2000 പേജുള്ള കുറ്റപത്രത്തില്‍ 89 സാക്ഷിമൊഴികളും 10 പേരുടെ രഹസ്യമൊഴികളുമുണ്ട്.