കാഞ്ഞിരപ്പള്ളി: പ്രേഷിത തീക്ഷ്ണതയാല്‍ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച ഇടയശ്രേഷ്ഠനാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ആലപ്പുഴ രൂപതയുടെ മുൻ മേലധ്യക്ഷന്‍ റൈറ്റ് റവ. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഹൃദയാര്‍ദ്രതയോടെ സഹോദരങ്ങളിലേയ്ക്ക് കരങ്ങള്‍ നീട്ടുമ്പോഴാണ് സുവിശേഷം യാഥാര്‍ത്ഥ്യമാകുന്നതെന്ന വിശ്വാസബോധ്യത്തിലൂടെ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. തീരദേശ മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി അദ്ദേഹം യത്നിച്ചു. വിശ്വാസത്തെയും സ്വന്തം ബോധ്യങ്ങളെയും തീക്ഷ്ണതയോടെ പ്രഘോഷിച്ച ബിഷപ്പ് അത്തിപ്പൊഴിയിൽ തനിക്കേൽപ്പിക്കപ്പെട്ട ശുശ്രൂഷകളെല്ലാം വിശ്വസ്തതയോടെ പൂര്‍ത്തിയാക്കിയ ആത്മീയാചാര്യനാണെന്നും ആഴമേറിയ പ്രാര്‍ത്ഥനയുടെയും അറിവിന്റെയും വെളിച്ചത്തില്‍ ശക്തമായ ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.
ഏല്പ്പിക്കപ്പെട്ടിരുന്ന തിരക്കേറിയ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും സൗഹൃദങ്ങള്‍ ഊഷ്മളമായി കാത്തുസൂക്ഷിക്കുകയും സഹജീവികളുടെ ക്ഷേമം പ്രാര്‍ത്ഥനയുടെ വിഷയമാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത ഇടയശ്രേഷ്ഠനാണ് ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ എന്ന് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
അഭിവന്ദ്യ സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ വേർപാടിൽ വേദനിക്കുന്നവരെല്ലാവരോടും പ്രത്യേകമായി ആലപ്പുഴ രൂപതയിലെ വിശ്വാസി സമൂഹത്തോടും അഭിവന്ദ്യ പിതാവിന്റെ കുടുംബാംഗങ്ങള്‍, മിത്രങ്ങള്‍ എന്നിവരോടും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുകയും വേര്‍പാടിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും അറിയിച്ചു.